ബജറ്റ് പ്രതിസന്ധി: ഒബാമ ഏഷ്യന്‍ പര്യടനം വെട്ടിച്ചുരുക്കി

single-img
3 October 2013

obama.ബജറ്റ് തര്‍ക്കത്തെത്തുടര്‍ന്നുള്ള അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥ രണ്ടാം ദിനം പിന്നിട്ടു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മലേഷ്യ, ഫിലിപ്പൈന്‍സ് പര്യടനം റദ്ദാക്കി. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് തുന്‍ റസാക്കിനെയും ഫിലിപ്പീന്‍സ് പ്രസിഡന്റ് ബനിഗ്‌നോ അക്വിനോയെയും നേരിട്ടു ഫോണില്‍ വിളിച്ച് പര്യടനം റദ്ദാക്കുകയാണെന്ന് ഒബാമ അറിയിച്ചു. എന്നാല്‍ കിഴക്കന്‍ ഏഷ്യാ ഉന്നതതലത്തിനായി ഇന്തോനേഷ്യയിലേക്കും ബ്രൂണെയിലേക്കും പോകാനുള്ള ഒബാമയുടെ പരിപാടിയില്‍ മാറ്റമില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒബാമയുടെ ആരോഗ്യപരിരക്ഷാ പദ്ധതിയായ ഒബാമകെയറിനെ എതിര്‍ക്കുന്ന റിപ്പബ്ലിക്കാന്‍ പ്രതിപക്ഷം ബജറ്റ് പാസാക്കാന്‍ സമ്മതിക്കാത്തതാണ് അമേരിക്കയെ ഭാഗിക ഭരണസ്തംഭനത്തിലേക്കു തള്ളിവിട്ടിരിക്കുന്നത്. അമേരിക്കന്‍ സെനറ്റില്‍ ഒബാമയുടെ ഡെമോക്രാറ്റ് പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെങ്കിലും ജനപ്രതിനിധിസഭ റിപ്പബ്ലിക്കന്‍മാരുടെ നിയന്ത്രണത്തിലാണ്. ഇതിനിടെ, വിവാദമായ ഒബാമകെയര്‍ പദ്ധതി ഇന്നലെ പ്രാബല്യത്തില്‍ വന്നു. തങ്ങളുടെ ഇച്ഛയ്ക്കു വിരുദ്ധമായി വന്‍തുകയ്ക്കുള്ള ഇന്‍ഷ്വറന്‍സ് പോളിസികള്‍ എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന പദ്ധതിയാണ് ഒബാമകെയര്‍ എന്നാണ് റിപ്പബ്‌ളിക്കന്മാരുടെ ആരോപണം. ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഒബാമ വ്യക്തമാക്കിയതോടെ സാമ്പത്തിക അടിയന്തരാവസ്ഥ നീണ്ടുപോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.