ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്

single-img
3 October 2013

Laluആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ചുവര്‍ഷം തടവ്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 25 ലക്ഷം രൂപ പിഴയും ലാലുവിന് കോടതി വിധിച്ചു. ലാലുവിനൊപ്പം കേസില്‍ പ്രതിയായ ബിഹാറിലെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗനാഥ് മിശ്രക്ക് നാലുവര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. ജനതാദള്‍ -എസില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ജഗദീഷ് ശര്‍മയും കേസില്‍ ശിക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന് നാലുവര്‍ഷം തടവാണ് വിധിച്ചത്.

ലാലുവുള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്‌ടെത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്ന് പ്രതികളെ റാഞ്ചിയിലെ ജയിലിലേക്ക് മാറ്റിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രത്യേക കോടതി ജഡ്ജി ശിക്ഷപ്രഖ്യാപിച്ചുകൊണ്ടുള്ള വിധിപ്രസ്താവം നടത്തിയത്. ലാലുവിനെക്കൂടാതെ കേസില്‍ 44 പ്രതികളാണുള്ളത്. 17 വര്‍ഷം പഴക്കമുള്ള കേസില്‍ 37 കോടിയിലധികം രൂപയുടെ അഴിമതി നടന്നതായാണ് കണ്‌ടെത്തിയിട്ടുള്ളത്. ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷത്തിലധികം ശിക്ഷലഭിച്ചതോടെ ലാലുവിന്റെ പാര്‍ലമെന്റ് അംഗത്വവും റദ്ദായി. അടുത്തിടെയുണ്ടായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാകുമെന്ന നിയമമനുസരിച്ചാണ് ലാലുവിന്റെ എംപി സ്ഥാനം നഷ്ടമാകുന്നത്. 11 വര്‍ഷം ലാലുപ്രസാദിന് ഇനി തെരഞ്ഞെടുപ്പുല്‍ മത്സരിക്കാനുമാകില്ല. ലാലുവിനെകൂടാതെ കേസില്‍ നാലുവര്‍ഷം ശിക്ഷവിധിക്കപ്പെട്ട ജഗദീഷ് ശര്‍മയുടെ പാര്‍ലമെന്റ് അംഗത്വും റദ്ദാകും.