കാഷ്മീരില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക് സ്‌പെഷല്‍ ട്രൂപ്പിനെ സൈന്യം തുരത്തി

single-img
3 October 2013

Kashmir-mapകാഷ്മീരില്‍ പാക്കിസ്ഥാന്‍ സൈനികരുടെ സഹായത്തോടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നിയന്ത്രണരേഖയിലെ കെറാന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ സ്‌പെഷല്‍ ട്രൂപ്പാണു നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചത്. ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്കു പരിക്കേറ്റു. സെപ്റ്റംബര്‍ 24നു തുടങ്ങിയ ഭീകരവേട്ടയില്‍ ഇന്ത്യ പൂര്‍ണ വിജയം നേടിയെന്ന് 15-ാം കോര്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ലഫ്. ജനറല്‍ ഗുര്‍മീത് സിംഗ് പറഞ്ഞു. 30-40 ഭീകരരാണു നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചത്. ഇതിനു പിന്നില്‍ പാക് സൈന്യമാണെന്ന് ഇപ്പോള്‍ തീര്‍ത്തും പറയാറായിട്ടില്ലെങ്കിലും അതിന്റെ സൂചനകള്‍ വ്യക്തമാണെന്നു ഗുര്‍മീത് സിംഗ് പറഞ്ഞു. പാക് സൈന്യം ഇന്ത്യന്‍ ഗ്രാമം കൈയടക്കിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. നുഴഞ്ഞുകയറ്റക്കാരുടെ ശക്തിയും നുഴഞ്ഞുകയറ്റ രീതിയും കണ്ടിട്ട് അവര്‍ പാക്കിസ്ഥാനില്‍നിന്നുള്ള പ്രത്യേക ട്രൂപ്പുകളാണെന്നു തോന്നുന്നതായി ലഫ്. ജനറല്‍ പറഞ്ഞു. നേരത്തേയുള്ള നുഴഞ്ഞുകയറ്റശ്രമങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ഇക്കുറിയുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് ദിവസംകൊണ്ടാണു നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം തുരത്തിയത്. ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്കു പരിക്കേറ്റു.