ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കും

single-img
2 October 2013

indian-parliamentവിവാദമായ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ നീക്കം. കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മറ്റിയോഗമാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ യുപിഎ ഘടകകക്ഷികളെക്കൂടി വിശ്വാസത്തിലെടുത്തുവേണം അന്തിമ തീരുമാനമെടുക്കാനെന്നാണ് കോര്‍ കമ്മറ്റിയിലുയര്‍ന്ന പൊതു അഭിപ്രായം. നേരത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ മന്ത്രിമാരെ വിളിച്ചുവരുത്തി രാഷ്ട്രപതി വിശദീകരണവും തേടിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഓര്‍ഡിനന്‍സിനെതിരേ രംഗത്തുവന്നിരുന്നു. ഈ അഭിപ്രായത്തിന്റെ പേരിലുണ്ടായ ഭിന്നത പരിഹരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി രാവിലെ രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമായിരുന്നു കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗം ചേര്‍ന്നത്.