ആര്യാടനും തിരുവഞ്ചൂരും മന്ത്രിസഭായോഗത്തില്‍ ഏറ്റുമുട്ടി

single-img
1 October 2013

Aryadan thiruസംസ്ഥാന മന്ത്രിസഭായോഗത്തിനിടെ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ വാക്‌പോരുണ്ടായതായി റിപ്പോര്‍ട്ട്. ഓണ കച്ചവടത്തിനിടയ്ക്ക് സിവില്‍ സപ്ലൈസില്‍ നടന്ന വിജിലന്‍സ് റെയിഡ് വകുപ്പിന്റെ നിറംകെടുത്തിയെന്ന ആര്യാടന്റെ പരാമര്‍ശമാണ് വാഗ്വാദത്തിന് ഇടയാക്കിയത്.

വകുപ്പ് മന്ത്രിക്കില്ലാത്ത വിഷമം എന്തിന് ആര്യാടനെന്ന് ചോദിച്ചായിരുന്നു തിരുവഞ്ചൂര്‍ ഇത് പ്രതിരോധിച്ചത്. എന്നാല്‍ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന വകുപ്പ് മന്ത്രി സി.വി.ബാലകൃഷ്ണന്‍ റെയ്ഡ് മോശമായിപ്പോയി എന്ന അഭിപ്രായമാണ് തനിക്കെന്ന് തുറന്നടിച്ചു.

ഒഡീഷയിലെ ബൈതരണി കല്‍ക്കരിപാടം സംസ്ഥാനത്തിന് നഷ്ടമായതും അന്വേഷിക്കണമെന്ന തിരുവഞ്ചൂരിന്റെ അഭിപ്രായമാണ് ആര്യാടനെ ചൊടിപ്പിച്ചത്.

മന്ത്രിസഭായോഗം ആരംഭിക്കുന്നതിനു മുന്‍പായിരുന്നു ഇക്കാര്യം നടന്നതെങ്കിലും ശേഷവും ഇരുവരും തമ്മിലുള്ള വാക്‌പോരിലേക്ക് സംഭവം നീളുകയായിരുന്നു. അന്വേഷണത്തിന് താന്‍ തയാറാണെന്നും അന്വേഷണം കഴിയും വരെ മന്ത്രിസ്ഥാനത്തുനിന്നും മാറിനില്‍ക്കാനും ഒരുക്കമാണെന്നായിരുന്നു ആര്യാടന്റെ വാക്കുകള്‍. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.

ബൈതരണി കല്‍ക്കരി പാടത്തില്‍ ഇതുവരെ ഉല്‍പാദനം ആരംഭിക്കാനുള്ള യാതൊരു പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നില്ല. കല്‍ക്കരി പാട വിതരണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഏറ്റെടുക്കാതെ കിടന്ന കല്‍ക്കരി പാടങ്ങള്‍ തിരിച്ചെടുക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.