റഷീദ് മസൂദിനു നാലു വര്‍ഷം ജയില്‍ ആഹാരം കഴിക്കാം; എംപി സ്ഥാനം നഷ്ടമായി

single-img
1 October 2013

RasheedMasood4_PTIഅഞ്ചുരൂപ കൊണ്ട് ഡല്‍ഹിയില്‍ ഒരു ദിവസം കഴിയാമെന്ന പ്രസ്താവനയിറക്കി വിവാദത്തിലായ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും നിലവില്‍ രാജ്യസഭയിലെ കോണ്‍ഗ്രസ് എംപിയുമായ റഷീദ് മസൂദിനു അനര്‍ഹര്‍ക്ക് എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചതിനു പ്രത്യേക സിബിഐ കോടതി നാലു വര്‍ഷം തടവു വിധിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ റഷീദിന്റെ പാര്‍ലമെന്റ് അംഗത്വം നഷ്ടമായി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കു സ്ഥാനം നഷ്ടമാകുമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്നു പാര്‍ലമെന്റ് അംഗത്വം നഷ്ടമായ ആദ്യത്തെ വ്യക്തിയെന്ന ദുഷ്‌പേര് ഇനി അറുപത്തിയേഴുകാരനായ റഷീദിനു സ്വന്തം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാലും അപ്പീല്‍ നല്‍കുന്നതു വരെ നിയമനിര്‍മാതാക്കള്‍ക്കു നിലവിലുണ്ടായിരുന്ന സംരക്ഷണം നീക്കിയ കഴിഞ്ഞ ജൂലൈ പത്തിലെ പരമോന്നത കോടതിയുടെ സുപ്രധാനമായ തീര്‍പ്പിനെത്തുടര്‍ന്നാണിത്. കേന്ദ്രത്തിലെ വി.പി. സിംഗ് മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള ആരോഗ്യ സഹമന്ത്രിയായിരിക്കേയാണു ക്രമക്കേടു നടന്നത്. 1989-91 കാലഘട്ടത്തില്‍ റഷീദ് കേന്ദ്രമന്ത്രിയായിരിക്കേ, സ്വന്തം അനന്തരവന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്ക് അനര്‍ഹമായി മെഡിക്കല്‍ പ്രവേശനം നല്‍കിയെന്നാണു സിബിഐയുടെ കേസ്. കേന്ദ്ര പൂളില്‍ രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ ത്രിപുര സംസ്ഥാനത്തുനിന്നുള്ളവര്‍ക്കായി നീക്കിവച്ച പ്രത്യേക ക്വോട്ടയിലുള്ള സീറ്റുകളിലാണു തിരിമറി നടത്തിയത്.