ഇറാക്കില്‍ സ്‌ഫോടന പരമ്പര, 54 മരണം

single-img
1 October 2013

map_of_iraqഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കാര്‍ബോംബ് സ്‌ഫോടനങ്ങളിലും ആക്രമണങ്ങളിലുമായി കുറഞ്ഞത് 54 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഷിയാ മേഖലകളെ ലക്ഷ്യമിട്ട് 14 കാര്‍ബോംബ് സ്‌ഫോടനങ്ങളാണു നടന്നത്. അല്‍ക്വയ്ദയുടെ ശാഖയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്കാണ് ആക്രമണത്തിനു പിന്നിലെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഷിയാകളുടെ ശക്തികേന്ദ്രമായ സദര്‍സിറ്റിയിലാണ് ഏറ്റവും വലിയ ആക്രമണം നടന്നത്. ഇവിടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് ഏഴു സാധാരണക്കാരും രണ്ടു പട്ടാളക്കാരും കൊല്ലപ്പെട്ടു. സമീപത്തു പാര്‍ക്കു ചെയ്തിരുന്ന നിരവധി ടാക്‌സികള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. സദര്‍സിറ്റിയിലെ സ്‌ഫോടനത്തിനു പിന്നാലെ ന്യൂ ബാഗ്ദാദ്, ഹബീബിയ, സാബാ അല്‍ബൗര്‍, കസിമിയാ, ഷാബ്, ഉര്‍, സുലാ എന്നീ ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളുണ്ടായി. സുന്നി മേഖലകളായ ജമിയ, ഗസാലിയ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി. പാര്‍ക്കിംഗ് സ്ഥലങ്ങളിലും കമ്പോളങ്ങളിലും ഉണ്ടായ പ്രസ്തുത സ്‌ഫോടനങ്ങളില്‍ 44ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 139 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.