കൊച്ചിന്‍ റിഫൈനറിയുടെ വികസനം പൂര്‍ത്തിയായാല്‍ 2500 പേര്‍ക്ക് തൊഴില്‍

single-img
1 October 2013

  1. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ വികസനം പൂര്‍ത്തിയായാല്‍ 500 പേര്‍ക്ക് നേരിട്ടും 2000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. പ്രസാദ് കെ. പണിക്കര്‍ പറഞ്ഞു. ‘എമര്‍ജിംഗ് ട്രെന്‍ഡ്‌സ് ഇന്‍ മെക്കാനിക്കല്‍, സേഫ്റ്റി, ആന്‍ഡ് ഫയര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സയന്‍സ്’ എന്ന വിഷയത്തില്‍ ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ടിസ്റ്റ്) സംഘടിപ്പിച്ച ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കൊച്ചി ശാഖയുടെയും ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രൊഡക്ഷന്‍ എന്‍ജിനീയേഴ്‌സിന്റെയും സഹകരണത്തോടെയാണ് സമ്മേളനം നടത്തിയത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് 28000 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് റിഫൈനറിയുടെ വികസനത്തിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രസാദ് കെ. പണിക്കര്‍ പറഞ്ഞു. നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും എല്ലാ ട്രേഡ് യൂണിയനുകളുടെയും ഭാഗത്തുനിന്നും റിഫൈനറിയുടെ വികസനത്തിന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ഓടെ ഇന്ത്യയെ വികസിതരാജ്യങ്ങളുടെ സമൂഹത്തില്‍ എത്തിക്കാന്‍ യുവ സാങ്കേതികവിദഗ്ദ്ധരും പ്രഗത്ഭരും മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിഗദ്ധര്‍ 48 പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ടോക്എച്ച് പ്രസിഡന്റ് പ്രൊഫ. പി.ജെ.ജോസഫ്, മാനേജര്‍ ഡോ. കെ.വര്‍ഗീസ്, ഡയറക്ടര്‍ പ്രൊഫ. ജോബ് കെ. കുരുവിള, കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ജി. മധു, ടിസ്റ്റിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡീന്‍ ഡോ. ആര്‍. രവീന്ദ്രന്‍നായര്‍, പ്രിന്‍സിപ്പല്‍ ഡോ. ജസ്റ്റസ് റാബി, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബേബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.