Health & Fitness

കേരളത്തിന്റെ പരമ്പരാഗത ചികില്‍സാരീതികളും ബയോടെക്‌നോളജിയും കൈകോര്‍ക്കണം: സോണിയ ഗാന്ധി

ചികില്‍സാ രംഗത്ത് കേരളത്തിന്റെ തനതും പരമ്പരാഗതവുമായി രീതികളുമായി ബയോടെക്‌നോളജിയെ കൂട്ടിയിണക്കിയാല്‍ കൃത്യമായ രോഗനിര്‍ണയത്തിനും രോഗശുശ്രൂഷയിലെ മുന്നേറ്റത്തിനും അതു വഴിതെളിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സോണിയ ഗാന്ധി പറഞ്ഞു. വലിയ തോതില്‍ ഭൂമിയും വിഭവങ്ങളും ആവശ്യമുള്ള വ്യാവസായിക യൂണിറ്റുകള്‍ കേരളത്തിന് പ്രാപ്യമല്ലെങ്കിലും ഭാവിയിലെ വളര്‍ച്ചയിലേക്കു നയിക്കുന്ന ഐടി, ബയോടെക്‌നോളജി രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയുന്ന ഉയര്‍ന്ന വിദ്യാഭ്യാസവും കഴിവുമുള്ളവരാല്‍ കേരളം സമ്പന്നമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആക്കുളം കാമ്പസില്‍ നിര്‍മാണം തുടങ്ങുന്ന ബയോ ഇന്നൊവേഷന്‍ സെന്ററിന് ശിലയിട്ട് സംസാരിക്കുകയായിരുന്നു ശ്രീമതി സോണിയ ഗാന്ധി. 
ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷണ വികസനപ്രവര്‍ത്തനങ്ങളുടെ സാധ്യതയെപ്പറ്റി വ്യക്തമായ ബോധ്യമുള്ള സംസ്ഥാനമാണ് കേരളമെന്ന് ശ്രീമതി സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇതിനുദാരഹണമാണ് ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് കേരളത്തില്‍ സ്ഥാപിക്കപ്പെട്ടത്. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗമനത്തിലൂടെ ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് നയിക്കാന്‍ രാജീവ് ഗാന്ധി കണ്ട സ്വപ്നത്തിന്റെ സാഫല്യംകൂടിയാണ് ഇത്തരം സ്ഥാപനങ്ങളെന്ന് അവര്‍ പറഞ്ഞു. 
ബയോ ഇന്നൊവേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ മാറ്റിവച്ചിരിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ശ്രീ എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. സെന്ററിന്റെ പ്രവര്‍ത്തനത്തിന് പണം ഒരു തടസ്സമാകില്ലെന്നും ആവശ്യമായ എല്ലാ സഹായവും തുടര്‍ന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. 
കേരളത്തിന്റെ പൊതുജനാരോഗ്യരംഗത്തെ സമഗ്രമായി രേഖപ്പെടുത്തുന്ന ‘രാജീവം ഹെല്‍ത്ത് ഫോര്‍ ഓള്‍’ എന്ന പരിപാടി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുമായി ചേര്‍ന്ന് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. രോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമയബന്ധിതമായി കൂട്ടിച്ചേര്‍ത്ത് സജ്ജീകരിക്കുന്ന ക്ലൗഡ് അധിഷ്ഠിത വിവരശേഖര സംവിധാനമാണ് ‘രാജീവം ഹെല്‍ത്ത് ഫോര്‍ ഓള്‍’. രോഗങ്ങള്‍, അവ പിടിപെടാനുള്ള സാഹചര്യങ്ങള്‍, പാരമ്പര്യമായി ഉണ്ടാകുന്ന രോഗങ്ങള്‍, പകര്‍ച്ച-പകര്‍ച്ചേതര- ആര്‍ജ്ജിത രോഗങ്ങള്‍ പ്രതിരോധ മരുന്നുകളുടെ വിതരണത്തിലെ കാര്യക്ഷമത, കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അതുമൂലമുള്ള രോഗസാധ്യതകള്‍, ആശുപത്രികളുടെയും പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെയും വിവരങ്ങള്‍ തുടങ്ങിയവ ഈ സംവിധാനത്തില്‍ സമയക്രമത്തില്‍ രേഖപ്പെടുത്തും.
ബയോടെക്‌നോളജി- ആരോഗ്യ ഗവേഷണ രംഗങ്ങളുടെ രാജ്യാന്തര ഭൂപടത്തില്‍ കേരളത്തെ പ്രവേശിപ്പിക്കാന്‍ ബയോ ഇന്നൊവേഷന്‍ സെന്റര്‍ സഹായിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഡ്വാന്‍സ്ഡ് ബയോടെക്‌നോളജിയില്‍ മികച്ച രീതിയില്‍ ഉന്നതവിദ്യാഭ്യാസവും പരിശീലനവും ലഭ്യമാക്കുന്നതില്‍ ആര്‍ ജി സി ബി മുന്നിലാണ്. മൂന്ന് വ്യത്യസ്തവിഭാഗങ്ങളിലായി സ്വന്തമായി ക്യാംപസുള്ള ആര്‍ ജി സി ബി യെ വ്യത്യസ്ത ശാസ്ത്രശാഖകളില്‍ ബിരുദദാനത്തിന് അധികാരമുള്ള സ്ഥാപനമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ബയോ ഇന്നൊവേഷന്‍ സെന്റര്‍ സ്ഥാപിക്കുന്ന 175 കോടി രൂപ വിലവരുന്ന 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പൂര്‍ണമായും ആര്‍ജിസിബിക്കു വിട്ടുകൊടുത്തതായും ശ്രീ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 
കേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ. വയലാര്‍ രവി, സഹമന്ത്രിമാരായ ശ്രീ കൊടിക്കുന്നില്‍ സുരേഷ്, ശ്രീ കെ.സി.വേണുഗോപാല്‍, ശ്രീ ശശി തരൂര്‍, സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീ. വി.എസ്.ശിവകുമാര്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, കെ.പി.സി.സി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല എം.എല്‍.എ, ശ്രീ എം.എ. വാഹിദ് എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണപിള്ള സ്വാഗതവും ചീഫ് കണ്‍ട്രോളര്‍ ശ്രീ കെ.എം. നായര്‍ നന്ദിയും പറഞ്ഞു. 
കാന്‍സര്‍ വാക്‌സിനുകളും ബന്ധപ്പെട്ട മറ്റ് ഉല്‍പന്നങ്ങളും നാനോ ഡ്രഗ്‌സ് വിതരണ സംവിധാനവും ഉള്‍പ്പെടെയുള്ളവ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രമായും നോളജ് സെന്ററായുമാണ് ബയോ ഇന്നൊവേഷന്‍ സെന്ററിന്റെ ആദ്യഘട്ടം പ്രവര്‍ത്തിക്കുക. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബിരുദ-ബിരുദാനന്തര ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായി ലോകനിലവാരത്തില്‍ ബയോടെക്‌നോളജിയില്‍ വിദ്യാഭ്യാസവും പരിശീലനവും ഈ കേന്ദ്രം വഴി നല്‍കും. 
ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന 1.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം 2016ല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഗവേഷണ ലബോറട്ടറികള്‍, ഏറ്റവും മികച്ചയിനം ഉപകരണസംവിധാനങ്ങള്‍, മൃഗങ്ങളില്‍ പരീക്ഷണം നടത്തുന്നതിനുള്ള ലാബുകള്‍ തുടങ്ങിയവയെല്ലാം ഇവിടുണ്ടാകും. വിവിധ പദ്ധതികളിലായി പ്രവര്‍ത്തിക്കുന്ന 200 വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പുറമേ 35 ശാസ്ത്രജ്ഞരും സാങ്കേതികരംഗത്ത് 20 ജീവനക്കാരും ഇവിടെയുണ്ടാകും. 
ഡിസീസ് ബയോളജിയിലും മോളിക്യുലര്‍ മെഡിസിനിലും ‘സെന്റര്‍ ഓഫ് എക്‌സലന്‍സ്’ ആയി ഈ കേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണപിള്ള പറഞ്ഞു. കാന്‍സര്‍ വാക്‌സിനുകള്‍, ഇമ്യൂണോളജി, ബയോമാര്‍ക്കേഴ്‌സ് എന്നിവയായിരിക്കും കേന്ദ്രത്തിന്റെ പ്രധാന ശ്രദ്ധാമേഖലകള്‍. ആര്‍ജിസിബിയും റീജ്യണല്‍ കാന്‍സര്‍ സെന്ററും ചേര്‍ന്ന് ഇപ്പോള്‍തന്നെ ഒരു പ്രോഗ്രാം ഓഫ് എക്‌സലന്‍സ് ഇന്‍ ട്രാന്‍സലേഷണല്‍ റിസര്‍ച്ച് (പിഇടിആര്‍) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 
കാന്‍സര്‍ ചികില്‍സാ രംഗത്ത് റേഡിയേഷന്‍ തെറാപ്പിക്കും കീമോതെറാപ്പിക്കും പകരം പാര്‍ശ്വഫലങ്ങളില്ലാത്ത വാക്‌സിനുകള്‍ വികസിപ്പിടച്ചെടുക്കാന്‍ ലോകവ്യാപകമായി ഗവേഷണങ്ങള്‍ നടന്നു വരുന്നുണ്ടെന്ന് ഡോ. രാധാകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി. സാമൂഹ്യ- സാമ്പത്തിക മേഖലകളില്‍ വിപ്ലവകരമായഫലങ്ങള്‍ക്ക് കാരണമായേക്കാവുന്ന നിരവധി കണ്ടുപിടുത്തങ്ങളിലേക്ക് വഴിതെളിക്കുന്ന ഗവേഷണങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള മേഖലയാണിതെന്ന് അദ്ദേഹം പറഞ്ഞു. 
നാനോ ബയോസയന്‍സും ന്യൂറോസയന്‍സും ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇപ്പോള്‍തന്നെ ഒട്ടേറെ ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍ ആര്‍ജിസിബിയില്‍ നടക്കുന്നുണ്ട്. കാന്‍സറിന്റെയും ക്ഷയം, ഡെംഗി, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെയും മറ്റും പ്രതിരോധത്തിനുള്ള ഗവേഷണപ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ഇവിടെ നടക്കുന്നുണ്ട്. ഈ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ബിഐസി സഹായിക്കും. 
ബിഐസിയുടെ രണ്ടാംഘട്ടമായി 2.5 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് ‘അഡ്വാന്‍സ് സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ തെറാപ്യൂട്ടിക്‌സ്’ തുടങ്ങാനാണ് പദ്ധതി. റീജണല്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ ഇവിടെ 75 കിടക്കകളുള്ള ആശുപത്രിയും ഉണ്ടാകുമെന്ന് ഡോ. രാധാകൃഷ്ണപിള്ള വ്യക്തമാക്കി. കാന്‍സര്‍ വാക്‌സിനുകളുടെയും ഇമ്യൂണോതെറാപ്യൂട്ടിക്‌സിന്റെയും ക്ലിനിക്കല്‍ ട്രയലുകള്‍ക്കു പുറമെ സ്‌റ്റെം സെല്‍ മാറ്റിവയ്ക്കല്‍, ജീന്‍ തെറാപ്പി, മോളിക്യുലര്‍ ട്യൂമര്‍ ടാര്‍ഗറ്റിംഗ് ആന്‍ഡ് ഇമേജിംഗ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാന്‍സര്‍ തെറാപ്പികളുടെയും മികച്ച കേന്ദ്രമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. 
രണ്ടാംഘട്ടത്തില്‍ നിക്ഷേപകര്‍ക്കും ബയോടെക് കമ്പനികള്‍ക്കും സംരംഭകര്‍ക്കും പ്രീ ക്ലിനിക്കല്‍, അനലിറ്റിക്കല്‍, ടോക്‌സിക്കോളജിക്കല്‍, ബയോളജിക്കല്‍ രീതികളിലൂടെ ബയോടെക്, ബയോളജിക്കല്‍ ഉല്‍പന്നങ്ങള്‍ പരീക്ഷിച്ചു ബോധ്യപ്പെടാനുള്ള (ടെസ്റ്റ് ആന്‍ഡ് പ്രൂവ്) സൗകര്യങ്ങളും ഇവിടെ ലക്ഷ്യംവയ്ക്കുന്നുണ്ട്. ബയോടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതികസൗകര്യങ്ങള്‍ പങ്കിടുന്നതും പദ്ധതിയിലുണ്ട്.