ശ്രീനിവാസന്‍ മൂന്നാമതും ബിസിസിഐ പ്രസിഡന്റ്; പക്ഷേ പദവി ഏറ്റെടുക്കാന്‍ കാത്തിരിക്കണം

single-img
30 September 2013

Sreenivasanബിസിസിഐയുടെ പ്രസിഡന്റായി എന്‍. ശ്രീനിവാസന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. ദക്ഷിണ മേഖലയ്ക്കാണ് ഈപ്രാവശ്യത്തെ സാധ്യത എന്നതിനാല്‍ നേരത്തേതന്നെ ശ്രീനിവാസന്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, കേരള, ഹൈദരാബാദ്, ഗോവ എന്നീ അസോസിയേഷനുകളുടെ പിന്തുണ സ്വന്തമാക്കി. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു ചടങ്ങുമാത്രമായി. സഞ്ജയ് പാട്ടീലിനെ സെക്രട്ടറിയായും ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അനിരുദ്ധ് ചൗധരിയെ ട്രഷററായും തെരഞ്ഞെടുത്തു. രഞ്ജിബ് ബിസ്വാള്‍ ആണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അധ്യക്ഷന്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റ് ടി.സി. മാത്യു ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമേ ശ്രീനിവാസനു സ്ഥാനമേറ്റെടുക്കുക്കാന്‍ സാധിക്കൂ. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീനിവാസനു മത്സരിക്കാമെങ്കിലും, ജയിച്ചാല്‍ സ്ഥാനമേറ്റെടുക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമേ ആകാവൂ എന്ന് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യവര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.