ലാലു കുറ്റക്കാരനെന്ന് കോടതി; വിധി ചരിത്രമാകും

single-img
30 September 2013

Laluഒരര്‍ത്ഥത്തില്‍ ഇന്ത്യ കാത്തിരുന്ന വിധിയാണിത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്‌ടെത്തി വിധി പ്രഖ്യാപിക്കുമ്പോള്‍ അത് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന വിധിയായി മാറുമെന്നുറപ്പാണ്. കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ തത്സ്ഥാനത്തു തുടരാന്‍ അര്‍ഹരല്ലെന്ന സുപ്രീംകോടതി വിധിക്കു ശേഷം ആദ്യമായിട്ടാണ് രാജ്യത്തെ ഒരു രാഷ്ട്രീയ നേതാവിനെ അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്‌ടെത്തുന്നതെന്നുള്ളതാണ് കാരണം.

വ്യാഴാഴ്ച് കേസില്‍ വിധി പ്രസ്താവിക്കും. ഇതോടെ ലാലുവിന്റെ ലോക്‌സഭാംഗത്വവും നഷ്ടമാകും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി പ്രവാസ് കുമാര്‍ സിംഗാണു ലാലുവിനെ കുറ്റക്കാരനെന്ന് കണ്‌ടെത്തിയത്. വിധി പ്രസ്താവം മുന്‍നിര്‍ത്തി ലാലു രാവിലെ കോടതിയിലെത്തിയിരുന്നു. രണ്ടു ദശകത്തിലധികം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് കേസില്‍ തീരുമാനമുണ്ടായിരിക്കുന്നത്. 1990 കളില്‍ കാലിത്തീറ്റ ഇറക്കുമതിയിലൂടെ ലാലു പ്രസാദ് യാദവും പ്രതികളും ചേര്‍ന്ന് 37.7 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണു സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ്. ലാലുവിനൊപ്പം 44 പേരാണ് കേസില്‍ പ്രതികളായുള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന അഴിമതി തുടങ്ങിയ വകുപ്പുകളാണ് ലാലുവിനെതിരേ ചുമത്തിയിട്ടുള്ളത്. നിയമപ്രകാരം നാലോ അതിലധികമോ വര്‍ഷം ലാലുവിനും കൂട്ടുപ്രതികള്‍ക്കും ശിക്ഷ ലഭിക്കാം. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, ജെഡിയു എം.പി. ജഗദീഷ് ശര്‍മ എന്നിവരും കേസില്‍ പ്രതികളാണ്.