ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വലിച്ചുകീറി കുപ്പത്തൊട്ടിയിലെറിയണമെന്ന് രാഹുല്‍ ഗാന്ധി

single-img
27 September 2013

Rahul-Gandhi-PMജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഓര്‍ഡിനന്‍സ് തീര്‍ത്തും വിവരക്കേടാണെന്ന് തുറന്നടിച്ച രാഹുല്‍ അത് വലിച്ചുകീറി കാറ്റില്‍പറത്തണമെന്നും ആവശ്യപ്പെട്ടു. ഡല്‍ഹി പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ഒരു പാര്‍ട്ടിയുടെ കാര്യത്തിലും ആശങ്കപ്പെട്ടുകൊണ്ടല്ല താന്‍ ഇക്കാര്യം പറയുന്നതെന്നും വ്യക്തിപരമായി സര്‍ക്കാര്‍ ചെയ്യുന്നത് ശരിയല്ലെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയാറാകുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ത്തണമെന്നും അഴിമതി ഇല്ലാതാക്കണമെന്ന് യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്‌ടെങ്കില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയാറാകരുതെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടാണ് രാഹുല്‍ വിശദീകരിച്ചതെന്നും പാര്‍ട്ടി തീരുമാനമാണ് പരമപ്രധാനമെന്നും രാഹുലിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അജയ് മാക്കന്‍ എംപി പറഞ്ഞു.