Editors Picks

സ്ത്രീകൾക്കുള്ള സുരക്ഷാ ഉപകരണമായ ‘അമൃതമിത്ര’ അമ്മ ലോകത്തിനു സമര്‍പ്പിച്ചു

03അമൃത സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരുപിടി നൂതന സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും പ്രൗഢഗംഭീരമായ ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി ലോകത്തിനു സമര്‍പ്പിച്ചു. അറുപതാം പിറന്നാളാഘോഷമായ ‘അമൃതവര്‍ഷം60’ലാണ് വിശ്വാസലക്ഷങ്ങളെ സാക്ഷിയാക്കി അമ്മ ഇവ പുറത്തിറക്കിയിരിക്കുന്നത്. അമൃത സര്‍വ്വകലാശാലയ്ക്കു കീഴില്‍ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ സ്റ്റഡീസിന്റെ ഉദ്ഘാടനം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, ആര്‍എസ്എസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി, മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, നാഗൂര്‍ ദര്‍ഗ മേധാവി മുഹമ്മദ് മസ്താന്‍ ഖലീഫ സാഹിബ്, ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിംഗ് ധിന്‍ഡ്‌സ എം.പി, സ്വാമിനി കൃഷ്ണാമൃതപ്രാണ എന്നിവര്‍ ചേര്‍ന്ന് ഏഴുതിരിയിച്ച നിലവിളക്കുകൊളുത്തി നിര്‍വ്വഹിച്ചു. അമൃത സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി വികസിപ്പിച്ചെടുത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷാ ഉപകരണമായ ‘അമൃതമിത്ര’ (അപകടാവസ്ഥകളില്‍ അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും അടിയന്തര സന്ദേശമയക്കാന്‍ സ്ത്രീകള്‍ക്ക് സഹായകമാകുന്നതും പുറത്തു കാണാനാകാത്തവിധം ധരിക്കാവുന്നതും ഒറ്റ സ്പര്‍ശത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ഉപകരണം), അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘അമൃതസ്പന്ദനം’ (ഹൃദ്‌രോഗികളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തനത്തിലെ വ്യത്യാസങ്ങള്‍ അറിയിച്ച് വേണ്ടസമയം ചികില്‍സ ഉറപ്പാക്കാനുതകുന്നതും ആഭരണംപോലെ ധരിക്കാവുന്നതുമായ ഇസിജി മോണിട്ടര്‍), അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ വികസിപ്പിച്ചെടുത്ത സോളാര്‍ പാനലിനുള്ളില്‍ തന്നെ ഊര്‍ജ്ജസംഭരണസംവിധാനവുമുള്ള സോളാര്‍ സിസ്റ്റം, മരുന്നിനെ പ്രതിരോധിക്കുന്ന ഗുരുതരമായ രക്താര്‍ബുദം ബാധിച്ചവരുടെ ശരീരത്തില്‍ മരുന്ന് ഫലിക്കാനുതകുന്ന നാനോ മെഡിസിന്‍, തലച്ചോറിലെ ട്യൂമര്‍ വീണ്ടും വരാതിരിക്കാന്‍ സഹായക്കുന്ന പോളിമര്‍ വേഫര്‍, അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് വികസിപ്പിച്ചെടുത്ത ‘ഗെസ്റ്റ്- ബോട്ട് വീല്‍ചെയര്‍’ (ഏതുതരം പ്രശ്‌നമുള്ള രോഗികള്‍ക്കും സ്വയം നിയന്ത്രിക്കാനാകുന്ന വീല്‍ചെയര്‍), അമൃത ടെക്‌നോളജിയുടെ പേഴ്‌സണല്‍ ഹെല്‍ത്ത് റെക്കോഡ് (ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തി യഥാസമയം ഉപയോഗിക്കാനുതകുന്ന സോഫ്റ്റ്‌വെയര്‍), മോഷ്ടാക്കളെ പിടികൂടാന്‍ ഉതകുന്ന പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് അമ്മ ലോകജനതയ്ക്കായി സമര്‍പ്പിച്ചത്.