വേണ്ടിവന്നാല്‍ എന്‍.എസ്.എസിന്റെ ശരിദൂര നയം കേരളം കാണും: സുകുമാരന്‍ നായര്‍

single-img
26 September 2013

sukumaran-nairഎന്‍.എസ്.എസിന്റെ ശരിദൂര നയം വേണ്ടിവന്നാല്‍ സംസ്ഥാനം കാണുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2012-2013 സാമ്പത്തികവര്‍ഷത്തെ വരവുചെലവു കണക്കുകളും ബാക്കിപത്രവും അവതരിപ്പിക്കാനായി ചേര്‍ന്ന പ്രതിനിധിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് ഇപ്പോള്‍ സമദൂര നിപാടിലാണ്. ആവശ്യമെന്നുകണ്ടാല്‍ ശരിദൂരം നിലപാട് സ്വീകരിക്കും. ഒരു സ്വിച്ചിട്ടാല്‍ ചലിക്കുന്ന യന്ത്രംപോലുള്ള സംവിധാനമായതിനാല്‍ എന്‍എസ്എസിന് എപ്പോള്‍ വേണമെങ്കിലും ഏതു നിലപാടും സ്വീകരിക്കാനാകും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ശരിദൂര സമീപനമാണ് എന്‍എസ്എസ് സ്വീകരിച്ചത്. എന്നാല്‍ അധികാരത്തിലേറിയപ്പോള്‍ യുഡിഎഫ് നന്ദികേടിന്റെ സമീപനമാണു സ്വീകരിച്ചത്. യുഡിഎഫിനോട് അടുക്കാന്‍ കൊള്ളില്ലെന്ന് കണ്ടപ്പോഴാണ് എന്‍എസ്എസ് സമദൂരത്തേക്കു മാറിയത്. വിമോചനസമരത്തിലൂടെ വലതുപക്ഷത്തിനു ഭരണം നേടി നല്‍കിയതില്‍ എന്‍എസ്എസിനു വലിയ പങ്കാണുള്ളത്. ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല. മന്നംജയന്തി ദിനത്തില്‍ പൂര്‍ണ അവധി നല്‍കാതെ നിയന്ത്രിത അവധി നല്‍കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തത്. ഇടതുപക്ഷം മന്നത്തെയും നായര്‍ സമുദായത്തെയും ശത്രുപക്ഷത്തു നിര്‍ത്തിയാണു കാണുന്നതെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ എന്‍എസ്എസിന്റെ നിലപാട് സമയമാകുമ്പോള്‍ പറയാമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.