സ്വര്‍ണ്ണം കടത്ത്; കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ സസ്‌പെന്‍ഷനില്‍

single-img
26 September 2013

kochiAirportനെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണം കള്ളക്കടത്തിന് കൂട്ടുനിന്നവരില്‍ പ്രധാനി സുനില്‍കുമാറാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഈ കേസില്‍ അറസ്റ്റിലായ മാഹി സ്വദേശി ഫയസിന്റെ ഉന്നത ബന്ധങ്ങള്‍ അന്വേഷണ സംഘം ഇന്ന് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയെ അറിയിച്ചേക്കും. കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ ഇന്ന് നല്‍കുന്നുണ്ട്. ഫയസിന്റെ ജാമ്യാപേക്ഷ അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ഫയസിനു ഭരണതലത്തിലടക്കം ഉന്നത ബന്ധങ്ങളുണെ്ടന്നും ഇയാള്‍ പലതവണ നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയിട്ടുണെ്ടന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിക്ക് ജാമ്യംനല്‍കരുതെന്ന് കസ്റ്റംസ് ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു. ജാമ്യഹര്‍ജി വാദം നടക്കുമ്പോള്‍ അന്വേഷണത്തില്‍ കിട്ടിയ കൂടുതല്‍ വിവരങ്ങള്‍ കോടതിയെ സിബിഐ അറിയിക്കും. ഇതില്‍ പല ഉന്നതരുമായും ഫയസിനുള്ള ബന്ധങ്ങളെ കുറിച്ചുള്ള സൂചനയുണ്ടാകുമെന്നാണറിയുന്നത്. അതേസമയം കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍ ഉള്‍പ്പെടെ ഏഴു പേരെ പ്രതികളാക്കിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. കേസില്‍ പ്രിവന്റീവ് ഓഫിസര്‍ സുനില്‍ കുമാര്‍ രണ്ടാം പ്രതിയാണ്.