മറച്ചുവച്ച് ഭരിക്കരുത്; പറയേണ്ടതെല്ലാം പറയാതെ പറഞ്ഞ് ചെന്നിത്തല

single-img
26 September 2013

Chennithalaസര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ തനിക്കുള്ള അനിഷ്ടം പറയാതെ പറഞ്ഞ് കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല. സത്യം കുടത്തിലെ വിളക്കാണെന്നും തെറ്റുകള്‍ ഇന്നല്ലെങ്കില്‍ നാളെ പുറത്തു വരുമെന്നും ഭരണം സുതാര്യമാകണമെന്നും ഒന്നും മറച്ചുവച്ച് ഭരിക്കാനാകില്ലായെന്ന് ഭരണാധികാരികള്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കര നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററും സംയുക്തമായി നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ നാടു കടത്തല്‍ ദിന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.

അധികാരത്തിന്റെ തെറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനെ രാജ്യദ്രോഹമായി ചിത്രീകരിച്ച് മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കുകയും കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന അനുഭവം ഇന്നും സമൂഹത്തിലുണ്ട്. മാധ്യമങ്ങളുടെ സ്ഥാനം വളരുകയാണ്. വലിയ അഴിമതികള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരും. അതൊന്നും തമസ്‌കരിക്കാനാകാത്ത നിലയില്‍ സമൂഹം നിലനില്‍ക്കുന്ന സാഹചര്യമാണ്. ജനതാത്പര്യം ഉയര്‍ത്തിപ്പിടിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചാലേ ആരോഗ്യപരമായ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.