കെനിയന്‍ ഭീകരാക്രമണം; മരിച്ച ഇന്ത്യക്കാര്‍ മൂന്നായി • ഇ വാർത്ത | evartha
World

കെനിയന്‍ ഭീകരാക്രമണം; മരിച്ച ഇന്ത്യക്കാര്‍ മൂന്നായി

kenyaകെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് വ്യാപാരസമുച്ചയത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. ബാംഗളൂര്‍ സ്വദേശിയായ സുദര്‍ശന്‍ നാഗരാജാണ് കൊല്ലപ്പെട്ട മൂന്നാമത്തെ ഇന്ത്യക്കാരന്‍. പുസ്തകക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന നാഗരാജ് ഈ മാസം 20നാണ് നയ്‌റോബിയില്‍ എത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനായ ശ്രീധര്‍ നടരാജന്‍(40), എട്ടുവയസുള്ള പരംസു ജെയിന്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ട് ഇന്ത്യക്കാര്‍. നാല് ഇന്ത്യക്കാര്‍ക്കു പരിക്കേറ്റു.

ആക്രമണം നാലാംദിവസത്തിലേക്കു കടന്നിട്ടും ഭീകരരെ പൂര്‍ണമായി അമര്‍ച്ച ചെയ്യാനായിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. നാലുനിലക്കെട്ടിടത്തിന്റെ നിയന്ത്രണം കെനിയന്‍ സൈന്യം കൈവശപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചെങ്കിലും കെട്ടിടത്തില്‍നിന്ന് ഇപ്പോഴും വെടിയൊച്ച കേള്‍ക്കാമെന്ന് തദ്ദേശവാസികള്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ പക്കല്‍ ഇനിയും ബന്ദികളുണെ്ടന്ന് ഭീകരര്‍ ഇന്റര്‍നെറ്റ് സന്ദേശത്തില്‍ പറഞ്ഞു.