ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍; ആഘോഷങ്ങള്‍ക്ക് സമാപനം

single-img
25 September 2013

100yrsഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങളോടനുബന്ധിച്ച് ചെന്നൈയില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ സമാപിച്ചു. ഇന്ത്യന്‍ സിനിമയുടെ താരശോഭയൊന്നാകെ പെയ്തിറങ്ങിയ ആഘോഷത്തിന് സമാപനം കുറിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തി. ഇന്ത്യന്‍ സിനിമയില്‍ തെന്നിന്ത്യന്‍ സിനിമയുടെ പ്രാധാന്യത്തെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. തെന്നിന്ത്യന്‍ സിനിമയുടെ സംഭാവന വളരെ വലുതാണെന്നും ദേശീയ അവാര്‍ഡ് പ്രഖ്യാപനവേളകളില്‍ അതു വ്യക്തമാകാറുള്ളതാണെന്നും രാഷ്ട്രപതി പറഞ്ഞു. അമിതാഭ് ബച്ചന്‍, രേഖ, ജാവേദ് അക്തര്‍, കെ. ബാലചന്ദ്രന്‍, മധു, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ചലച്ചിത്രരംഗത്ത് പ്രതിഭ തെളിയിച്ച 41 ഇതിഹാസ താരങ്ങളെ സമാപനച്ചടങ്ങില്‍ ആദരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, ഒഡിയ, ആസാമീസ്, ഭോജ്പൂരി എന്നീ 12 ഭാഷകളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരെയാണ് ആദരിച്ചത്. ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തെ ചരിത്രം അവതരിപ്പിക്കുന്ന പ്രത്യേക വീഡിയോയും ചടങ്ങില്‍ പുറത്തിറക്കി. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സോവനീര്‍ തമിഴ്‌നാട് ഗവര്‍ണര്‍ കെ.റോസയ്യ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചടങ്ങില്‍ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് താരങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.