സ്മഗളര്‍ ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം; മനുഷ്യക്കടത്തിലും പങ്കാളി- കേരള രാഷ്ട്രീയം കലുഷിതമാകും

single-img
25 September 2013

Fayazസംസ്ഥാനത്ത് കൊച്ചി വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്ത് കേസില്‍ അറസ്റ്റിലായ ന്യൂമാഹി സ്വദേശി ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ബന്ധമുണ്‌ടെന്ന് കസ്റ്റംസ് കണ്‌ടെത്തി. ഫയാസ് ഉന്നതനെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ കസ്റ്റംസിന് ലഭിച്ചു. ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ബന്ധമുണ്‌ടെന്ന് ഫയാസ് മൊഴി നല്‍കിയതായും പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍ ജേക്കബുമായി ഇയാള്‍ക്ക് ബന്ധമുണ്‌ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഒരു കേന്ദ്രമന്ത്രിയുമായും കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനുമായും ഫയാസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫോട്ടോകളും വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചു വരികയാണ്. ഇതുകൂടാതെ നെടുമ്പാശേരി വഴി സ്ത്രീകളെ കടത്തിയ കേസിലും ഫയാസിന് ബന്ധമുണ്‌ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറും ഫയസുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും കസ്റ്റംസിന് ലഭിച്ചു.

ഫയസിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കേരള രാഷ്ട്രീയത്തിലെ ഉന്നതരുമായും സിനിമാതാരങ്ങളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണെ്ടന്നാണു സൂചന. ഉന്നതരുമൊത്തുള്ള ഫോട്ടോഗ്രാഫുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണെ്ടത്തിയിട്ടുണ്ട്. ഫയസിന്റെ ആഡംബര ബൈക്കില്‍ കൊച്ചിയിലെ മുന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഇരുന്ന് എടുത്ത ചിത്രം അടക്കമുള്ളവ പുറത്തുവന്നുകഴിഞ്ഞു. ഒരു കസ്റ്റംസ് ഡെപ്യൂട്ടി കളക്ടര്‍ തന്നെ സ്വര്‍ണക്കടത്തിനു സഹായിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഒരു പ്രിവന്റീവ് ഓഫീസറെ ഇക്കാര്യത്തില്‍ തന്നെ സഹായിക്കാനായി നിയോഗിച്ചിരുന്നതായും ഫയസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണു റിപ്പോര്‍ട്ട്.

അതിനിടെ ഫയാസിനെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ഉന്നതര്‍ ശ്രമങ്ങള്‍ തുടങ്ങി. സ്വര്‍ണകടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച വിവരം പുറത്തുവന്ന പശ്ചാത്തലത്തില്‍ സിബിഐയാണ് കേസന്വേഷിക്കേണ്ടത്. ഫയസ് അറസ്റ്റിലായി ഒരാഴ്ച കഴിയുമ്പോഴും ഇത്തരത്തിലുള്ള നീക്കമൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സിബിഐ അന്വേഷണം പരമാവധി താമസിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് അറിയുന്നത്. നിലവില്‍ കസ്റ്റംസാണ് അന്വേഷണം നടത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന അഴിമതിക്കേസുകള്‍ സിബിഐയാണ് അന്വേഷിക്കേണ്ടതെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ല. ഡല്‍ഹിയില്‍ നിന്നു ദുബായിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഫയസ് പിടിയിലായത്. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കയാണ്. തിരിച്ചുവിളിച്ചുകൊണ്ടുവന്നു നടത്തിയ പരിശോധനയിലാണ് 5.38 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.