സംസ്ഥാനസര്‍ക്കാര്‍ പാമോയില്‍ കേസ് പിന്‍വലിക്കുന്നു

single-img
24 September 2013

oommen-chandy_53കേരള രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഏറെ കോളിളക്കം സൃഷ്ടിച്ച പാമോയില്‍ കേസ് പൂര്‍ണമായി പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രതികള്‍ക്കെതിരേയുള്ള വിചാരണ റദ്ദാക്കി കേസ് പൂര്‍ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കും. പാമോയില്‍ കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കേസില്‍ പ്രതിപ്പട്ടികയിലുള്ള അന്നത്തെ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണു കേസ് പൂര്‍ണമായി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

 

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് വകുപ്പ് കോടതിയില്‍ അപേക്ഷ നല്‍കുന്നത്. കേസ് പൂര്‍ണമായി ഒഴിവാക്കണമെന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2005 ല്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അന്ന് ഉത്തരവും പുറത്തിറക്കി. എന്നാല്‍, പിന്നീട് അധികാരത്തിലെത്തിയ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2006 ല്‍ മുന്‍ മന്ത്രിസഭയുടെ തീരുമാനം റദ്ദാക്കി. ഇതോടെ യാണു കേസ് വീണ്ടും നിയമക്കുരുക്കില്‍ പെട്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ 2005 ലെ തീരുമാനം നടപ്പാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. 1992 ല്‍ മലേഷ്യന്‍ കമ്പനിയില്‍ നിന്നു 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു കേസ്.