സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നിന്ന് സിലിക്കണ്‍വാലിയിലേക്ക്

single-img
23 September 2013
അഞ്ച് യുവസംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ കമ്പനികളില്‍ നിന്ന് കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയിലേക്ക് പോകുന്നത് ആഗോള സാങ്കേതിക വിപ്ലവത്തില്‍ കേരളത്തിന്റെ ആദ്യാനുഭവം.  സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളോടെയുള്ള ഈ യാത്ര സംരംഭകത്വ രംഗത്ത് പുതിയ കുതിച്ചുചാട്ടങ്ങള്‍ക്ക് വഴിയൊരുക്കും.
       അരവിന്ദ് സഞ്ജീവ്, ജിബിന്‍ ജോസ്, വിജിത് പത്മനാഭന്‍, ആകാശ് മാത്യു, നിതിന്‍ ജോര്‍ജ്ജ് എന്നിവരാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് 2012 ജനുവരി 30നു തുടങ്ങിയ വാര്‍ഷിക എസ് വി സ്‌ക്വയര്‍ പ്രോജക്ടിന്റെ ആദ്യപതിപ്പില്‍  സമ്മാനാര്‍ഹരായത്. എല്ലാം 22 വയസുകാരായ ഇവരുടെ സ്വന്തം സംരംഭങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളും അവസരങ്ങളുമാണ് കാത്തിരിക്കുന്നത്.
       വിഖ്യാതമായ സിലിക്കണ്‍വാലിയിലെ സംരംഭകത്വ സംസ്‌ക്കാരത്തെക്കുറിച്ച് മനസ്സിലാക്കാനും  അവിടെ നിന്നു ലഭിക്കുന്ന അനുഭവങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ സ്വന്തം നാടിനു വേണ്ടി പ്രയോജനപ്പെടുത്താനും കഴിയുംവിധമാണ് യാത്ര. കേരള സര്‍ക്കാരിനു പുറമേ സിലിക്കണ്‍വാലിയിലെ നിക്ഷേപകയും അറിയപ്പെടുന്ന സംരംഭകയുമായ ആശാ ജഡേജ, കെഎസ്‌ഐഡിസി, ടെക്‌നോപാര്‍ക്ക്, വോഡഫോണ്‍, ഇന്റല്‍, ആമസോണ്‍ വെബ് സര്‍വീസ് എന്നിവയാണ് എസ് വി സ്‌ക്വയറിലെ പങ്കാളികള്‍. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയാണ് 1270 അപേക്ഷകരില്‍ നിന്ന് അഞ്ചു ജേതാക്കളെ പ്രഖ്യാപിച്ചത്.
        നവംബര്‍ ആദ്യവാരം ഇവര്‍ സിലിക്കണ്‍ വാലിയിലേക്കു പോകും. രണ്ടാഴ്ചയോളമാണ് സന്ദര്‍ശനംഭ ആദ്യ പകുതിയില്‍ ഗൂഗിള്‍ അടക്കമുള്ള സാങ്കേതിക ഉല്‍പ്പന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഇവര്‍ക്ക് അവിടത്തെ തൊഴില്‍ സംസ്‌ക്കാരം മനസ്സിലാക്കാനും പ്രശസ്തരായ സാങ്കേതിക സംരഭകരുമായി കൂടിക്കാഴ്ചക്കും ആശയ വിനിമയത്തിനും അവസരം ലഭിക്കും. രണ്ടാംപകുതിയില്‍ അവരുടെ പ്രവര്‍ത്തന മേഖലയിലെ അഞ്ചു മെന്റര്‍മാരുമായി നേരിട്ടു ചര്‍ച്ചകള്‍ക്ക് അവസരം ലഭിക്കും. മെന്റര്‍മാരില്‍ നിക്ഷേപസാധ്യതയുള്ളവരും ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കു തുടക്കമിട്ടവരുമുണ്ട്. ചെറുകിട സംരംഭങ്ങലെ ആഗോളതലത്തിലെത്താക്കാനുള്ള ഉപദേശങ്ങള്‍ തേടാന്‍ ഈ അവസരങ്ങള്‍ പ്രയോജനപ്പെടും. സിലിക്കണ്‍ വാലിയിലെ വാരാന്ത പരിപാടിയടക്കം സ്ഥിരം പരിപാടികളില്‍ പങ്കെടുക്കാനും ഈ സന്ദര്‍ശനത്തില്‍ കഴിയും.
        സിഐഇഡി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായ ആകാശ് മാത്യു എറണാകുളം രാജഗിരി എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് വിദ്യാര്‍ത്ഥി ആയിരിക്കെയാണ് കമ്പനി തുടങ്ങിയത്, 2011 ജൂലൈയില്‍. ഫേസ്ബുക്ക് ആപ്പ് ക്രഷ് ആയിരുന്നു ആദ്യ സാങ്കേതിക ഉല്പന്നം. ഇപ്പോള്‍ 121 രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഈ ആപ്പ് കൂടുതല്‍ വികസിപ്പിക്കാനും മൊബൈല്‍ ഉപകരണങ്ങള്‍ക്ക് ഉപയോഗയോഗ്യമാക്കാനും നിക്ഷേപം തേടുകയാണ്.  കാമ്പസ് റിക്രൂട്ട്‌മെന്റ് ഉപേക്ഷിച്ച്  12 സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് സിഐഇഡി ടെക്‌നോളജി പ്രവര്‍ത്തിക്കുന്നത്.
     ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സില്‍ ബിടെക് നേടിയ അരവിന്ദ് സഞ്ജീവ് എ ആര്‍ എസ് ഡിവൈസസിന്റെ സ്ഥാപകനാണ്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ യാഹൂ ആക്‌സെഞ്ച്വര്‍ നടത്തിയ യുവനിക്ഷേപക സംഗമത്തില്‍ മോസ്റ്റ് പ്രോമിസിംഗ് ഇന്നവേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ബ്ലാക്‌ബെറി എലൈറ്റ് മെംബറാണ്. ഏറ്റവും പുതിയ കണ്ടുപിടുത്തമായ റൈഡ് സ്മാര്‍ട്ടിന് പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുമുണ്ട് അരവിന്ദ്. ഈ കണ്ടെത്തലിലലൂടെ അരവിന്ദിനെ ബ്ലാക്‌ബെറിയുടെ ശ്രദ്ധാകേന്ദ്രമാക്കി.
    എറണാകുളം ടോക്ക് എച്ചിലെതന്നെ ജിബിന്‍ ജോസ് ഇ കൊമേഴ്‌സ് ആപ്പ് വികസിപ്പിച്ച ഡോട്ട് റീട്ടെയില്‍ കമ്പനിയുടെ സ്ഥാപകനാണ്. പുതിയ നിക്ഷേപം തേടുകയാണിപ്പോള്‍ ഈ കമ്പനി. മികച്ച അഞ്ച് ക്യാമ്പസ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട ക്യൂ എഡ്ജ് കോഡ് സ്റ്റുഡിയോസിന്റെ സഹസ്ഥാപകനുമാണ്. ഈ സംഘത്തിന്റെ ഭാഗമായി ബ്ലാക്‌ബെറി 2012 ഇന്ത്യ മത്സരവിജയിയായി. ബാങ്‌കോക്കില്‍ നടന്ന ഏഷ്യാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബ്ലാക്‌ബെറി ഡ്രീം ആപ്പ് ഫാക്ടറിയില്‍ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുത്ത രാജ്യത്തെ പത്തു പേരിലൊരാളാണ് അരവിന്ദ്.
    ഡോളോജോ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകനാണ് വിജിത് പത്മനാഭന്‍. എറണാകുളം മോഡല്‍ എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് 19 വയസു മാത്രമുള്ളപ്പോഴായിരുന്നു സ്വയം സംരംഭകനായുള്ള രംഗപ്രവേശം. ലോകത്തെ കൂടുതല്‍ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് വിജിത്തിന്റെ ലക്ഷ്യം. ആ വഴിക്കുള്ള സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതും. വ്യക്തിപരവും സാമ്പത്തികവും സാമൂഹികവുമായ പരസ്പരം ബന്ധപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള ആപ്പാണ് ഇവര്‍ വികസിപ്പിച്ചത്. ഇവരുടെ ആദ്യ ഉല്‍പ്പന്നമായ ക്ലൗഡ് ബുക്ക്മാര്‍ക്കിംഗിന്റെ ആദ്യ പതിപ്പ് ഉടന്‍ പുറത്തിറങ്ങും.  വളര്‍ച്ച ത്വരിതമാക്കാനുള്ള മെന്ററിനുവേണ്ടിയുള്ള തേരച്ചിലിലാണ് ഡോളോജോ ലാബ്‌സ്.
    കോട്ടയത്തെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിടെക് നേടിയ നിതിന്‍ ജോര്‍ജ്ജ് ചരുവിള ക്യൂ പ്ലേ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകനാണ്. 2012ല്‍ ബ്ലാക്‌ബെറി ജാം ഇന്ത്യാ അവാര്‍ഡ് നേടിയതോടെയാണ് ഈ സ്ഥാപനം പ്രയാണം തുടങ്ങിയത്. ബാങ്കോക്കില്‍ നടന്ന ബിബി ജാം ഏഷ്യ 2012ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. കാമ്പസുകളില്‍ നിന്നുള്ള അഞ്ച് മികച്ച സംരംഭങ്ങളില്‍ ഒന്നായി ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെട്ട സമിതി ക്യൂ പ്ലേയെ തെരഞ്ഞെടുക്കുകയും ചെയ്തു.
    കാനഡയിലെ ഒര്‍ലാന്‍ഡോ സര്‍വകലാശാല ലോകവ്യാപകമായി തെരഞ്ഞെടുത്ത 125 ബ്ലാക്‌ബെറി എലൈറ്റ് അംഗങ്ങളില്‍പെട്ടയാള്‍ കൂടിയാണ് നിതിന്‍. വിദ്യാര്‍ത്ഥി ആയിരിക്കെത്തന്നെ ഐഇഇഇ കംപ്യൂട്ടര്‍ സൊസൈറ്റി കേരള സ്റ്റുഡന്റ് ചാപ്റ്ററിന്റെ സ്ഥാപകനും അധ്യക്ഷനുമായി. നിരവധി സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും നേടുകയും ചെയ്തു. ഹോങ്ക്‌കോംഗില്‍ അടുത്ത മാസം നടക്കുന്ന ബ്ലാക്‌ബെറി ജാം ഏഷ്യ 2013ലെ പ്രഭാഷകനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
     എസ് വി സ്‌ക്വയര്‍ മല്‍സരത്തിലേക്ക് അപേക്ഷിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ മൂന്ന് മിനിറ്റ് യൂട്യൂബ് വീഡിയോയില്‍ സ്വന്തം ആശയങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങളാണ് യുവ സംരംഭകര്‍ നല്‍കിയത്. ഐഐഎം ലെ പ്രൊഫ. അനില്‍ ഗുപ്ത അധ്യക്ഷനായ ജൂറിയില്‍ അക്കാദമിക് രംഗത്തെ പ്രതിനിധീകരിച്ചത് അദ്ദേഹം തന്നെയാണ്. നാസ്‌കോം മുന്‍ പ്രസിഡന്റ് കിരണ്‍ കാര്‍ണിക് വ്യവസായ രംഗത്തെ പ്രതിനിധീകരിച്ചു.