മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍

single-img
23 September 2013

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സരിത എസ് നായര്‍ക്കൊപ്പം സന്ദര്‍ശിച്ചതായി ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍. ജൂലൈ ഒമ്പതിന് സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടുവെന്ന് ശ്രീധരന്‍ നായര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു സോളാര്‍ കേസ് പ്രതി സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി പത്തനംതിട്ടയിലെ ക്വാറി ഉടമ ശ്രീധരന്‍നായര്‍ മൊഴി നല്‍കിയിട്ടില്ലെന്നായിരുന്നു എഡിജിപി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

എ‍ഡിജിപി കള്ളം പറയുകയാണെന്ന് ശ്രീധരന്‍ നായര്‍ കോടതിയില്‍ ബോധിപ്പിച്ചു. മജിസ്ട്രേറ്റിന് മുമ്പാകെ കൊടുത്ത രഹസ്യമൊഴിയാണ് യഥാര്‍ത്ഥ മൊഴി. അതില്‍ താന്‍ സത്യങ്ങളെല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എഡിജിപി കോടതിയെ ബോധിപ്പിച്ചത് പോലെ മൊഴിനല്കിയിട്ടില്ല. അന്നേദിവസം പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല. പരാതിക്കാരനായ തനിക്ക് നുണ പരിശോധന വേണമെന്ന് പൊലിസ് പറയുന്നതിന്റെ കാരണം വ്യക്തമാകുന്നില്ലെന്നും ശ്രീധരന്‍ നായര്‍ കൊടുത്ത മറുപടിയിലുണ്ട്