പാക് സംഘം ബന്ദിയാക്കിയ മലയാളിയെ പ്രത്യേക ദൌത്യ സംഘം മോചിപ്പിച്ചു

single-img
23 September 2013

ഒമാനില്‍ ബന്ദിയാക്കപ്പെട്ട പാലക്കാട് കണ്ണമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫയെ ഒമാന്‍ പൊലീസ് മോചിപ്പിച്ചു. ഹനീഫയെ ബന്ദിയാക്കിയ ആറംഗ പാകിസ്താനി സംഘത്തിലെ നാലു പേരെ അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ രക്ഷപ്പെട്ടു. അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇവര്‍ ഹനീഫയെ തട്ടിക്കൊണ്ടുപോയത്.

ഒമാനിലെ സോഹര്‍സലയിലുള്ള ജസ്ബയിലെ ഒരു കെട്ടിടത്തില്‍ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് പാക്കിസ്ഥാനികള്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഹനീഫിനെ പൊലീസ് രക്ഷപ്പെടുത്തിയത്. മുഹമ്മദ് ഹനീഫിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണിന്റെ ടവര്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ നീക്കമാണ് പ്രതികളെ കുടുക്കിയത്. ജസ്ബയിലെ ഒരു ഫ്ലാറ്റിലാണ് മുഹമ്മദ് ഹനീഫിനെ സംഘം തടവിലാക്കിയിരുന്നത്.

പണം ആവശ്യപ്പെട്ടുകൊണ്ടു ഹനീഫയെ മര്‍ദിക്കുന്ന ശബ്ദവും ബന്ധുക്കളെ ഫോണിലൂടെ കേള്‍പ്പിച്ചായിരുന്നു സംഘത്തിന്റെ മുന്നറിയിപ്പു നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് മസ്‌ക്കറ്റിലുള്ളബന്ധു വഴി അന്‍പതിനായിരം രൂപ വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍ഫര്‍ വഴി അയച്ചുനല്‍കി. എന്നാല്‍ അവശേഷിക്കുന്ന തുക കൂടി ഉടന്‍ നല്‍കിയില്ലെങ്കില്‍ മുഹമ്മദ് ഹനീഫയെ വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തുടർന്ന് കേരള മുഖ്യമന്ത്രിയും പ്രവാസികാര്യമന്ത്രിയും ഒമാന്‍ ഭരണകൂടവുമായി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണു ഒമാന്‍ പോലീസിന്റെ പ്രത്യേക സംഘം ഹനീഫയെ മോചിപ്പിച്ചത്.