മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം: സമുദായ നേതാക്കള്‍ അവരുടെ മക്കളെ ചെറുപ്രായത്തില്‍ കെട്ടിക്കുമോയെന്ന് സി.പി.എം

single-img
23 September 2013

vs-pinarayi1വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ സിപിഎം ശക്തമായി രംഗത്ത്. വിഷയത്തില്‍ മുസ്‌ലിം ലീഗിനെ ശക്തമായ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും രംഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക ധ്രുവീകരണത്തിനാണ് ലീഗ് ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. ലീഗിന്റെ നിലപാടുകള്‍ ആര്‍എസ്എസിന് സഹായകമാകും. ഇപ്പോഴത്തെ വിവാദങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ലീഗിനാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സമുദായ നേതാക്കള്‍ അവരുടെ മക്കളെ ചെറുപ്രായത്തില്‍ വിവാഹം ചെയ്തു നല്‍കുമോ എന്നും അദ്ദേഹം ചോദിച്ചു.

വിവാഹ പ്രായം കുറച്ചാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ കുറയും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ഇരട്ടത്താപ്പാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പ്രതികരിക്കാത്തതെന്നും നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. വിവാഹപ്രായ വിവാദമുയര്‍ത്തുന്ന മതസംഘടനകള്‍ക്ക് പിന്നില്‍ നിന്ന് കളിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. ഇതിന് സര്‍ക്കാര്‍ കൂട്ടുനിന്നാല്‍ അത് കാടത്തമാകും. ലീഗിലെ ചില നേതാക്കള്‍ക്ക് പെണ്‍കുട്ടികളുടെ വിവാഹപ്രായം 14 ആയി കുറയ്ക്കാനാണ് ആഗ്രഹമെന്നും വി.എസ് പരിഹസിച്ചു. വിഷയത്തില്‍ ലീഗിനെ വിമര്‍ശിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.