ആഗോളവത്ക്കരണം നേരിടുന്നതില്‍ യു എല്‍ സി സി എസ് മാതൃക

single-img
21 September 2013
ആഗോളവത്കരണ കാലഘട്ടത്തില്‍ സഹകരണമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനമായി. കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ ഐ എം), മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ലിമിറ്റഡ് (യു എല്‍ സി സി എസ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്.
      അടിസ്ഥാന ലക്ഷ്യങ്ങളില്‍നിന്നും വ്യതിചലിക്കാതെ വൈവിധ്യവത്കരണവും ആധുനികവത്കരണവും എങ്ങനെ സഹകരണമേഖലയിലും നടപ്പാക്കാമെന്നതിന് ഉത്തമ ഉദാഹരണവും മാതൃകയുമാണ് യു എല്‍ സി സി എസ് എന്ന് മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് എം എല്‍ എ അഭിപ്രായപ്പെട്ടു.വൈവിധ്യവത്കരണം കൊണ്ടുവന്നില്ലെങ്കില്‍ തങ്ങളും ഒരു മുതലാളിത്ത സ്ഥാപനമായി അധപ്പതിക്കുമെന്ന് യു എല്‍ സി സി എസ് തിരിച്ചറിഞ്ഞിരുന്നു. വൈവിധ്യവത്കരണത്തോടും ആധുനികവത്കരണത്തോടുമുള്ള അനാവശ്യമായ പേടി വളര്‍ച്ചയ്ക്ക് തടസമാകില്ലെന്ന് യു എല്‍ സി സി എസിന് തെളിയിക്കാനുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
       സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനജനകമായ അന്തരീക്ഷം അനിവാര്യമാണ്. അതിന് പരമ്പരാഗത രീതിയില്‍നിന്നുള്ള മാറ്റവും സാങ്കേതികവിദ്യയും അത്യാവശ്യമാണ്. സൊസൈറ്റി വന്‍കിട കുത്തകകളോടാണ് മത്സരിക്കുന്നത്. ഇവിടെ രണ്ട് പോംവഴികളാണുള്ളത്. ഒന്നുകില്‍ വന്‍കിടക്കാരുടെ ഉപകരാറുകാരാവുക, അല്ലെങ്കില്‍ അവരോട് മത്സരിക്കുക. അതേസമയം കമ്പോളത്തിലെ മത്സരം അനുദിനം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ഉപകരാറുകാരനായാലും മത്സരിക്കാന്‍ നിര്‍ബന്ധിതനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1925 ല്‍ 14 സഹകാരികള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് യു എല്‍ സി സി എസ്. അതിന്ന് കേരളത്തിന് മാത്രമല്ല, ലോകത്തിനുതന്നെ അനുകരണീയ മാതൃകയായി മാറിക്കഴിഞ്ഞുവെന്നും ഡോ. തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
       ഒരു സന്ദേശം മുന്നോട്ടുവച്ചുള്ള വ്യവസായമാണ് സഹകരണമേഖലയെന്ന് അമേരിക്കയിലെ മോണ്‍ട്‌ക്ലെയര്‍ സ്‌റ്റേ്റ്റ് സര്‍വകലാശാലയിലെ ആന്ദ്രപ്പോളജി വിഭാഗം പ്രൊഫസര്‍ ഡോ. റിച്ചാര്‍ഡ് ഡബ്ല്യു ഫ്രാങ്കി അഭിപ്രായപ്പെട്ടു. ‘സഹകരണമേഖലയും മുതലാളിത്തവും: തിരഞ്ഞെടുത്ത അന്താരാഷ്ട്ര താരതമ്യങ്ങള്‍’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരവും ഈടുനില്‍ക്കുന്നതുമായ ഒരു വികസനത്തിന് പിന്തുണനല്‍കാനുള്ള ഉള്‍ക്കരുത്ത് സഹകരണമേഖലയ്ക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
     സഹകരണമേഖലയും പാരിസ്ഥിതക സംഘടനകളും കൈകോര്‍ത്തുനീങ്ങിയാല്‍ മാത്രമേ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂവെന്ന് ഡോ. റിച്ചാര്‍ഡ് ഡബ്ല്യു ഫ്രാങ്കിയുടെ പത്‌നി ബാര്‍ബറാ എച്ച് ചാസിന്‍ പറഞ്ഞു.
അവസാനദിനമായ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടര്‍സാന്‍ഡ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍മാരായ മൈക്കല്‍ വില്ല്യംസ്, വിശ്വാസ് സത്ഗര്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. പി കെ മൈക്കിള്‍ തരകന്‍ എന്നിവരും സംസാരിച്ചു.
   സമാപന സമ്മേളനത്തില്‍ ടി ഐ എസ് എസ് അസോസിയേറ്റ് പ്രൊഫസറായ പ്രൊഫ. ആര്‍ രാമകുമാര്‍, ഐ ഐ എം കെ ഗവേഷണ വിഭാഗം ചെയര്‍ പ്രൊഫ. രുദ്രാ സെന്‍ശര്‍മ, പ്രൊഫസറും ഡീനുമായ പ്രൊഫ. സജി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. യു എല്‍ സി സി എസിന്റെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള വൈവിധ്യവത്കരണ പദ്ധതികളെക്കുറിച്ച് മാനേജ്‌മെന്റ് ഉപദേഷ്ടാവ് ശ്രീ വൈ അഭിലാഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു എല്‍ സി സി എസ് സെക്രട്ടറി ശ്രീ എസ് ഷൈജു നന്ദി പറഞ്ഞു.യു എല്‍ സി സി എസ് പ്രസിഡന്റ് ശ്രീ പി രമേശനും സംബന്ധിച്ചു.
മൂന്ന് ദിവസമായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 60 പ്രതിനിധികള്‍ പങ്കെടുത്തു. വിവിധവിഷയങ്ങളില്‍ 30 പ്രബന്ധങ്ങളും അവതരിപ്പിച്ചു.