ഇന്ത്യന്‍ മുജാഹീദിന്‍ പ്രവര്‍ത്തകന്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

single-img
21 September 2013

Afzal_Usmani_295തീവ്രവാദക്കേസുകളിലെ പ്രതി പോലീസിനെ കബളിപ്പിച്ചു കോടതിപരിസരത്തുനിന്ന് ഓടി രക്ഷപ്പെട്ടു. നിരോധിത ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹീദിനില്‍പ്പെട്ട അഫ്‌സല്‍ ഉസ്മാനിയാണ് ഇന്നലെ പട്ടാപ്പകല്‍ മുംബൈ സെഷന്‍സ് കോടതി പരിസരത്തുനിന്നു രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് നഗരം മുഴുവന്‍ അരിച്ചുപെറുക്കുകയാണ്. 2008ലെ അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനക്കേസുകളിലെ പ്രതിയാണ് ഉസ്മാനി. കുറ്റം ചുമത്തുന്നതിനായി സെഷന്‍സ് കോടതി സമുച്ചയത്തിലെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മക്കോക കോടതിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെ എത്തിച്ചപ്പോഴാണ് പ്രതി പോലീസിനെ തട്ടിത്തെറിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. നവി മുംബൈയിലെ താഗ്ലോജ സെന്‍ട്രല്‍ ജയിലില്‍നിന്നു മറ്റു 18 പ്രതികള്‍ക്കൊപ്പമാണ് ഉസ്മാനിയെയും എത്തിച്ചത്. ടോയ്‌ലറ്റില്‍ പോകണമെന്ന ആവശ്യത്തെത്തുടര്‍ന്നു പോകാന്‍ അനുമതി നല്‍കിയപ്പോള്‍ പ്രതി പോലീസിനെ വെട്ടിച്ചു സ്റ്റെയര്‍കേസിലൂടെ ഇറങ്ങിയോടുകയായിരുന്നു. പത്തു പോലീസുകാരാണു പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഉസ്മാനി അപ്രത്യക്ഷനായ വിവരം അകമ്പടിക്കെത്തിയ പോലീസ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജാ താക്കറെയെ അറിയിക്കുകയും തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം പ്രതിക്കായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഉസ്മാനി രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് കേസില്‍ കുറ്റം ചുമത്തുന്നത് ഈ മാസം 25 വരെ കോടതി നീട്ടിവച്ചിരിക്കുകയാണ്.