Editors Picks

സഹകരണ മേഖല മുതലാളിത്തത്തെ ചെറുക്കണം: പ്രൊഫ. പ്രഭാത് പട്‌നായിക്

കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് രാജ്യത്തെ ചെറുകിട ഉല്‍പാദന മേഖലയെ സഹകരണ പ്രസ്ഥാനം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് പ്രമുഖ സാമ്പത്തിക വിഗദ്ധന്‍ പ്രൊഫ. പ്രഭാത് പട്‌നായിക്. ‘ആഗോളവല്‍കരണ കാലത്ത് സഹകരണ മേഖല നേരിടുന്ന മാറ്റം’ എന്ന വിഷയത്തില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റും മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ഉരലുങ്കല്‍  ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)യുമായി ചേര്‍ന്നു സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ നിലനിര്‍ത്താന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും സഹകരണ മേഖലയ്ക്ക് പുതിയ രൂപം നല്‍കാനും ഈ കൂട്ടായ്മ ഉതകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ആഗോളവല്‍കരണത്തിന്റെ വെല്ലുവിളികളെ നേരിട്ടും അതേസമയം സ്വയം ആധുനികവല്‍കരിച്ചു ഉരലുങ്കല്‍  ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നേടിയ വിജയം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരം ബദലുകളാണ് ഇനി സാമ്പത്തിക രംഗത്ത് പുതിയ പാതകള്‍ വെട്ടിത്തുറക്കുകയും നിലവിലെ നവ ലിബറല്‍ സാമ്പത്തിക സംവിധാനത്തെ മറികടക്കുകയും ചെയ്യേണ്ടത്. വില കുറഞ്ഞ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് അതീതമായ ചെറുത്തുനില്‍പ് സഹകരണ പ്രസ്ഥാനത്തിനു രാജ്യവ്യാപകമായി ആവശ്യമാണ്.
പൊതുമേഖലയിലേക്കു കടന്നു കയറുന്ന സംവിധാനമാണ് മുതലാളിത്തമെന്നു പ്രൊഫ. പട്‌നായിക് വിശദീകരിച്ചു. സഹകരണ മേഖലയും മുതലാളിത്ത സംവിധാനവും യോജിച്ചു പ്രവര്‍ത്തിക്കുക പ്രായോഗികമായ കാര്യമല്ല. എന്നാല്‍ മുതലാളിത്തത്തിന്റെ ചില നല്ല വശങ്ങളെ സഹകരണ മേഖല അനുകരിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
ആഗോളതലത്തില്‍ അസമത്വം ശക്തമായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സഹകരണ മേഖലയ്ക്കാണു സ്ഥിരത നല്‍കാന്‍ കഴിയുക എന്ന് യു എന്‍ റസിഡന്റ് കോ ഓര്‍ഡിനേറ്ററും ന്യൂഡല്‍ഹിയിലെ യുഎന്‍ഡിപി റെസിഡന്റ് പ്രതിനിധിയുമായ ലീസ് ഗ്രാന്‍ഡെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ സാഹചര്യങ്ങള്‍ മാറിമറിയുകയും തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുകയുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സഹകരണ മേഖലയ്ക്ക് ബൃഹത്തായ ചരിത്രമാണുള്ളത്. ലോകമാകെ നോക്കിയാല്‍ 100 ദശലക്ഷത്തോളം തൊഴിലുകളാണ് സഹകരണ മേഖല ഇതിനകം സൃഷ്ടിച്ചത്. ആശ്രയിക്കുന്നവര്‍ക്ക് അവരുടെ ആവശ്യ സമയത്ത് ഉപകരിക്കുന്നുവെന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ വലിയ സവിശേഷത. ആഗോള തലത്തിലെ പ്രതിസന്ധിക്കു പരിഹാരമായി മാറുകയാണ് സഹകരണ മേഖലയെന്നും അത് കൂടുതല്‍ നവീകരിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. ലോകം പരിഹാര മാര്‍ഗങ്ങള്‍ തേടി ചുറ്റും നോക്കുമ്പോള്‍ ഉരലുങ്കല്‍  ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പോലുള്ള സഹകരണ സംഘങ്ങളുടെ വളര്‍ച്ച വലിയ മാതൃക തന്നെയാണ്.
കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫ. കൃഷ്ണകുമാര്‍ ലാധ അധ്യക്ഷനായിരുന്നു. ഐഐഎമ്മിലെ പ്രൊഫസറും ഡീനും ( ഡെവലപ്‌മെന്റ്) ആയ പ്രൊഫ. സജി ഗോപിനാഥ്, മുംബൈ ടിസ്സ് അസോസിയേറ്റ് പ്രൊഫസര്‍ ആര്‍. രാമകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്ലീനറി സെഷനില്‍ മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐകസ് എംഎല്‍എ അധ്യക്ഷനായിരുന്നു. ടിസ്സ് വിസിറ്റിംഗ് പ്രൊഫസര്‍ പ്രൊഫ. വെങ്കടേശ് ആത്രേയ, ലണ്ടനിലെ റെഡ് പെപ്പര്‍ മാസിക എഡിറ്റര്‍ ഹിലരി വെയിന്റൈറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.
‘ സഹകരണത്തിന്റെ ആശയം; സഹകരണ മേഖലയുടെ ചരിത്രം’,’ പുതിയ സാമ്പത്തിക നയങ്ങളും സഹകരണ മേഖലയും’ ‘ സഹകരണ മേഖലയിലെ മാറ്റത്തിന്റെ ചാലകശക്തികള്‍’ എന്നീ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു. രാജ്യത്തും പുറത്തും നിന്നുള്ള നിരവധി പ്രതിനിധികള്‍ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ സമ്മേളനം വെള്ളിയാഴ്ച സമാപിക്കും