ഉത്രട്ടാതി ജലോത്സവം ഇന്ന്; ആറന്മുള ഉത്സവലഹരിയില്‍

single-img
19 September 2013

Aranmilaപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്നു പമ്പാനദിയുടെ നെട്ടായത്തില്‍ നടക്കും. ഇക്കുറി പള്ളിയോടങ്ങളുടെ എണ്ണം കൂടിയതും പമ്പയിലെ ജലസമ്പുഷ്ടിയും കാരണം ജലോത്സവം കൂടുതല്‍ മനോഹരമാകുമെന്നാണ് പ്രതീക്ഷ. 51 പള്ളിയോടങ്ങളാണ് ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഇത്രയധികം പള്ളിയോടങ്ങള്‍ ഒന്നിച്ചെത്തുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി പി.ജെ.ജോസഫ് ജല ഘോഷയാത്രയും മന്ത്രി അടൂര്‍ പ്രകാശ് മത്സരവള്ളംകളിയും ഉദ്ഘാടനം ചെയ്യും. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന്‍, ആന്റോ ആന്റണി എംപി, കെ.ശിവദാസന്‍ നായര്‍ എംഎല്‍എ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. പമ്പയുടെ കരകളില്‍ ചെന്നിത്തല മുതല്‍ ഇടക്കുളം വരെയുള്ള 51 പള്ളിയോടങ്ങള്‍ ഇക്കുറി മത്സരത്തിനായി തയാറെടുത്തു കഴിഞ്ഞു. പള്ളിയോടങ്ങളുടെ വലുപ്പമനുസരിച്ച് ഇവ എ, ബി ബാച്ചുകളിലായി മത്സരിക്കും. എ ബാച്ചില്‍ 34 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണ് അണിനിരക്കുന്നത്. സത്രക്കടവില്‍ നിന്നും പരപ്പടക്കടവിലേക്കുള്ള ജലഘോഷയാത്രയ്ക്കുശേഷമാണ് മത്സരവള്ളംകളി. ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും ആദ്യമെത്തുന്നത് ബി ബാച്ച് പള്ളിയോടങ്ങളാണ്. പരപ്പഴക്കടവ് മുതല്‍ സത്രക്കടവ് വരെയാണ് മത്സരവള്ളംകളി. ആറന്മുളയുടെ പരമ്പരാഗത ശൈലിയിലുള്ള തുഴച്ചില്‍ മാത്രമേ അനുവദിക്കുകയുള്ളൂ. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അപകടം ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണമുണ്ടാകും.