ഇടുക്കിയിലെ ദുരിതബനാധിതര്‍ക്ക് സഹായഹസ്തവുമായി മാതാ അമൃതാനന്ദമയീ മഠം

single-img
19 September 2013
ഇടുക്കി ജില്ലയില്‍ കഴിഞ്ഞ മാസമുണ്ടായ പ്രകൃതിക്ഷോഭത്തിനിരയായ കുടുംബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മാതാ അമൃതാനന്ദമയി മഠം അറിയിച്ചു. ഈമാസം 25ന് ആരംഭിക്കുന്ന അമൃതവര്‍ഷം 60നോടനുബന്ധിച്ച് 27നു നടക്കുന്ന ചടങ്ങിലാണ് സഹായധനം വിതരണം ചെയ്യുക. ഇടുക്കി ജില്ലയിലുണ്ടായ ദുരന്തത്തില്‍ അമ്മയ്ക്ക് അഗാധമായ ദുഃഖമുണ്ടെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുള്ള സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. 
ഉത്തരാഖണ്ഡില്‍ പ്രകൃതിദുരന്തത്തിനിരയായവര്‍ക്കുള്ള 50 കോടി രൂപയുടെ ദുരിതാശ്വാസ പുനരധിവാസ പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്ന ദിവസമാണ് ഇടുക്കിയിലെ ദുരിതബാധിതര്‍ക്കായി അമ്മ സഹായഹസ്തം നീട്ടുന്നത്. ഉത്തരാഖണ്ഡിലെ 42 ഗ്രാമങ്ങളിലായി 500 വീടുകളാണ് മഠം പുനര്‍നിര്‍മിച്ചു നല്‍കുന്നത്. 
കാലവര്‍ഷം ശക്തമായ ആഗസ്റ്റു മാസത്തില്‍ ഇടുക്കി ജില്ല വന്‍ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകളെ തുടര്‍ന്ന് ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ പലതും ഇപ്പോഴും പൂര്‍വ്വസ്ഥിതിയിലെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രകൃതിദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായവുമായി മാതാ അമൃതാനന്ദമയീ മഠം എത്തുന്നത്. 
2012ല്‍ ശിവകാശിയിലുണ്ടായ പടക്കനിര്‍മാണശാല ദുരന്തത്തിലെ ഇരകള്‍ക്കും കണ്ണൂരില്‍ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞവര്‍ഷം അമ്മയുടെ 59-ാം ജന്മദിനത്തിന്റെ ഭാഗമായി സമാനമായ സാമ്പത്തിക സഹായം മഠം വിതരണം ചെയ്തിരുന്നു. 
ഇന്ത്യയിലെ ജനങ്ങള്‍ക്ക് അമ്മയുടെ സാന്നിദ്ധ്യവും സഹായവും ആവശ്യമായി വരുമ്പോള്‍ അവിടെയെല്ലാം അമ്മയുടെ ശ്രദ്ധയും സഹായവുമെത്തുമെന്ന് സ്വാമി ജ്ഞാനാമൃതാനന്ദ പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളുടെ കഷ്ടതകളില്‍ സഹായമായി അവര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്ന് അവരെ അറിയിക്കാന്‍ അമ്മ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. രാജ്യത്തിന്റെ ഏതുഭാഗത്തായാലും, കേരളത്തിലും ഗുജറാത്തിലും ബീഹാറിലും പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ദുരിതസമയത്ത് അമ്മയുടെ സഹായമെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വേദന തന്റെ വേദനയായി കണക്കാക്കിയാണ് അമ്മ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.