ആശാന്‍ വിടവാങ്ങി

single-img
18 September 2013

Veliyamമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്നു വൈകുന്നേരം നാലിനു തൈക്കാട് ശാന്തികവാടത്തില്‍.

വാര്‍ധക്യസഹജമായ അസുഖംമൂലം സജീവപൊതുപ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനിന്നിരുന്ന അദ്ദേഹത്തെ പനിയെത്തുടര്‍ന്നു ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധയെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണു മരണത്തിനിടയാക്കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു പട്ടത്തെ വൃന്ദാവന്‍ കോളനിയിലെ വീട്ടില്‍ എത്തിച്ച മൃതദേഹം ഇന്നു രാവിലെ എട്ടിനു പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ കൊണ്ടുവരും. ഉച്ചകഴിഞ്ഞു 3.30 വരെ പൊതുദര്‍ശനത്തിനുവച്ചശേഷമായിരിക്കും തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തുക.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്പീക്കര്‍ ജി. കാര്‍ത്തികേയനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി. മരണവിവരമറിഞ്ഞു രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആശുപത്രിയിലും പിന്നീടു പട്ടത്തെ വസതിയിലുമെത്തി അന്തരിച്ച നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മന്ത്രിമാരായ കെ.എം. മാണി, വി.എസ്. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍, ഡെ പ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

1928-ല്‍ കൊല്ലം ജില്ലയിലെ വെളിയത്തു കളീക്കല്‍ മേലതു കൃഷ്ണന്റെ മകനായി ജനിച്ച കെ. ഭാര്‍ഗവന്‍ എന്ന വെളിയം ഭാര്‍ഗവന്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയാണു പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. വെളിയത്തെ സംസ്‌കൃത സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊട്ടാരക്കര ഹൈസ്‌കൂളിലും തുടര്‍ന്നു കൊല്ലം എസ്എന്‍ കോളജിലും പഠിച്ചു.

സംസ്‌കൃതത്തിലും വേദത്തി ലും ചെറുപ്പത്തിലേ നല്ല ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ഇരുപത്തൊന്നാമത്തെ വയസിലാണു കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. കൊട്ടാരക്കരയും കൊല്ലവുമായിരുന്നു തുടക്കത്തില്‍ രാഷ്ട്രീയപ്രവര്‍ത്തന കേന്ദ്രം.

വെളിയം പഞ്ചായത്തു പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് 54-ലെ ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്തതിനു ക്രൂരമായ പോലീസ് മര്‍ദനവും ഏല്‍ക്കേണ്ടിവന്നു. എം. എന്‍. ഗോവിന്ദന്‍ നായരായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു. ചെറുപ്പത്തിലെ മികച്ച സംഘാടകനെന്നു പേരു ലഭിച്ച വെളിയം ഭാര്‍ഗവന്‍, പി.കെ. വാസുദേവന്‍ നായര്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ 1998 മുതല്‍ 2010 നവംബര്‍ വരെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.