വീണ്ടും പൊന്നോണ നിലാവ് തെളിയുമ്പോള്‍….

single-img
14 September 2013

ഓര്‍മ്മകളുടെ നടവരമ്പുകളില്‍ മതേതരമാനവികതയുടെ ഉണര്‍ത്തുപാട്ടായി വീണ്ടും പൊന്നോണ നിലാവ് തെളിയുന്നു. ഗ്രാമീണതയുടെ വിശുദ്ധിയിലും നന്മയുടെ വെളിച്ചത്തിലും മലയാള മനസ്സുകള്‍ കെടാതെ കാത്തുസൂക്ഷിക്കുന്ന ഒടുങ്ങാത്ത കിനാവാണ് ഓണനാളുകള്‍.

ഓണം ഒരുമയുടെ അടയാളമാണ്; ഓര്‍മ്മയുടെയും . പ്രകൃതിയും മനുഷ്യനും ഇഴപിരിയാതെ ഒന്നു ചേര്‍ന്ന് നെഞ്ചേറ്റിയാഘോഷിച്ച സ്‌നേഹോത്സവങ്ങളുടെ പൂക്കാലമാണത്. മനുഷ്യവംശ പരമ്പരയുടെ പുരാചരിത്രങ്ങളിലെവിടെയോ എപ്പൊഴോ ഉദയം ചെയത്് പൊലിഞ്ഞുപോയ സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥയുടെ ചിരന്തനമായ ഓര്‍മ്മപ്പെടുത്തലാണ് ഓണം.

അധിനിവേശങ്ങളുടെ വാമനാധികാരങ്ങള്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാക്ഷേമതല്പരനായ അസുര ചക്രവര്‍ത്തിയും സമത്വവ്യവസ്ഥയുടെ സ്മൃതിഗീതികളും തനിമയുടെ ഉറവ വറ്റാത്ത മാനവഹൃദയങ്ങളില്‍ ഇന്നും പൊലിമ ചാര്‍ത്തുന്നുവെങ്കിലും പുതിയകാലത്തിന്റെ പൂമുഖങ്ങളില്‍ ഓണപ്പഴമയുടെ സൗരഭവും പകിട്ടും പതിവുകളും തെളിയുന്നില്ല. വിവരസാങ്കേതികവിദ്യയുടെ വിസ്മയം വിരല്‍ തുമ്പില്‍ വിരിയിക്കുന്ന വര്‍ത്തമാനകാല തലമുറയ്ക്ക്, എല്ലാവരെയും തുല്യരായി കണ്ട് നാടുവാണിരുന്ന മഹാബലി തമ്പുരാന്‍ ഓലക്കുട ചൂടിയ കുടവയറനും വിപണിയിലെ ഉല്പന്ന വൈവിധ്യനിരയുടെ ബ്രാന്‍ഡ് അംബാസിഡറും മാത്രമാണ്.

മതാത്മകതയുടെ േവരുകള്‍ക്കും അടയാളങ്ങള്‍ക്കുമൊക്കെ അപ്പുറത്ത് തലമുറകളായി മനുഷ്യവംശം ജീവിതപാഠമാക്കിയ മതേതര മാനവികതയുടെ നിറവിലാണ് ഓണത്തിന്റെ സമൃദ്ധിയും സന്ദേശവും പുലരുന്നത്.

വിരല്‍ തൊട്ടാല്‍ പിണങ്ങുന്ന തൊട്ടാവാടിയെ നോവിക്കാതെ , വിരല്‍ തുമ്പില്‍ ചോര പൊടിയാതെ പൊട്ടിച്ചെടുത്ത നിഷ്‌കളങ്കമായ ബാല്യകാലവും , നാട്ടിടവഴികളില്‍ മണിനാദമായി മാറ്റൊലികൊണ്ട പൂപ്പൊലിപ്പാട്ടും , മാവേലിതമ്പുരാനെ വരവേല്‍ക്കാന്‍ വര്‍ണ്ണപകിട്ടണിഞ്ഞ് കണ്‍ തുറന്നിരുന്ന തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും , അല്ലിപ്പൂവും , തുള്ളി തുടിച്ചിരുന്ന തുമ്പികളുമൊന്നും അവരുടെ മനസ്സുകളിലില്ല. നിറപൂത്തിരിക്കായി നെല്‍കതിര്‍തുമ്പും പൂക്കളമൊരുക്കാന്‍ പൂവുകളും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുന്നിടത്താണ്, മലയാളികള്‍ ഓണാഘോഷങ്ങള്‍ക്ക് പൊലിമനല്‍കാന്‍ ശ്രമിക്കുന്നത്. ഇവയെല്ലാം ഒന്നൊന്നായി മനസ്സില്‍ നിന്നും മറന്നുതുടങ്ങുന്നമലയാളിക്ക് ഓണം കൈയ്യെത്തി പിടിക്കാന്‍ പോലുമാകാത്ത ഓര്‍മ്മയാവുമ്പോള്‍, അവന് നഷ്ടമാകുന്നത് ഒരുസംസ്‌കാരവും ജീവിത ദര്‍ശനവുമാണ്.