ലോക്‌സഭാ ഇലക്ഷനില്‍ ബി.ജെ.പിയെ നരേന്ദ്രമോഡി നയിക്കും

single-img
13 September 2013

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി സമിതിയി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗ് അവതരിപ്പിച്ച പ്രമേയം ഏകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ എല്‍.കെ.അഡ്വാനി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എല്‍.കെ.അഡ്വാനി തന്റെ പ്രതിഷേധമറിയിച്ചു. തീരുമാനത്തില്‍ തൃപ്തിയില്ലെന്നു കാണിച്ച് അദ്ദേഹം രാജ്‌നാഥ്‌സിംഗിനു കത്തയച്ചു. രാജ്‌നാഥ് സിംഗിന്റെ പ്രവര്‍ത്തനത്തില്‍ തനിക്ക് ആശങ്കയുണ്‌ടെന്ന് കത്തില്‍ അഡ്വാനി വ്യക്തമാക്കുന്നു. പാര്‍ലമെന്ററി സമിതി യോഗത്തിനു തൊട്ടു മുന്‍പ് രാജ്‌നാഥ് സിംഗ് അഡ്വാനിയുടെ വസതിയിലെത്തി യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഡ്വാനിയുടെ പിന്‍തുണ ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും പാര്‍ട്ടി നേതാക്കള്‍ നടത്തിയിരുന്നു. യോഗത്തിന് തൊട്ടു മുന്‍പ് വരെ അദ്ദേഹം പങ്കെടുക്കുമെന്ന് കരുതുയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. എന്നാല്‍ അഡ്വാനിയുടെ പിന്‍തുണ തേടി അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുമെന്ന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ഉടന്‍ മോഡി പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് എ.ബി. വാജ്‌പേയിയെയും മോഡി സന്ദര്‍ശിക്കും.