യുവാക്കളുടെ നൂതന സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ 500 കോടി രൂപ ബജറ്റില്‍ മാറ്റിവയ്ക്കുമെന്ന് മുഖ്യമന്ത്രി

single-img
13 September 2013
കേരളത്തിന്റെ സംരംഭകത്വ അനുകൂലാന്തരീക്ഷം വിനിയോഗിച്ച് രംഗത്തെത്തുന്ന യുവ സംരംഭകരുടെ സ്വപ്‌നസാഫല്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 500 കോടി രൂപ മാറ്റിവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആദ്യ സംരംഭകത്വ ദിനത്തോടനുബന്ധിച്ച് 20 ലക്ഷം വിദ്യാര്‍ഥികളുമായി ഗൂഗിള്‍ പ്ലസ് ഹാങ് ഔട്ടിലൂടെ നടത്തിയ അഭിസംബോധനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
യുവസംരംഭകരെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ് സംസ്ഥാന ബജറ്റിന്റെ ഒരു ശതമാനം തുക നീക്കിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംരംഭകരെ സഹായിക്കുന്നതിനുള്ള ഇത്തരത്തിലൊരു പദ്ധതി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതാദ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാനുള്ള വ്യക്തമായ നയത്തിന് സര്‍ക്കാര്‍ വൈകാതെ രൂപംകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ ഐടി, ടെലകോം മേഖലകളിലായിരുന്നു സംരംഭകര്‍ ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇനി വരുന്ന നൂതന സംരംഭങ്ങള്‍ കൃഷിയും ആരോഗ്യവും ടൂറിസവും സാംസ്‌കാരികവും ഉള്‍പ്പെടെയുള്ള പ്രധാനമേഖലകളിലേക്ക് വ്യാപിപ്പിക്കാനുതകുന്നതാകണം. സംസ്ഥാനത്തുടനീളമുള്ള കോളജുകളില്‍ സംരംഭകത്വ വികസന ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
”ഇത് നിങ്ങള്‍ക്കുള്ള ഓണസമ്മാനമാണ്. നൂതനസംരംഭങ്ങള്‍ക്ക് പണം ഒരു തടസ്സമാകാന്‍ പാടില്ല. സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങളെ മുന്നോട്ടു നയിക്കാന്‍ പര്യാപ്തമായ ആത്മവിശ്വാസമുള്ള യുവതലമുറയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.”- മുഖ്യമന്ത്രി പറഞ്ഞു.
കോളജില്‍ പഠിക്കുമ്പോള്‍ തന്നെ സംരംഭകരായി രംഗത്തെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 20 ശതമാനം ഹാജരും നാലു ശതമാനം ഗ്രേസ് മാര്‍ക്കും നല്‍കുന്ന വിദ്യാര്‍ഥി സംരംഭകത്വ നയം ഇപ്പോള്‍തന്നെ സംസ്ഥാനത്ത് നിലവിലുണ്ട്. ഇനി മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 12 സംരംഭകത്വ ദിനമായി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളാണ് രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതെന്ന് ഉറച്ചുവിശ്വസിച്ച സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ പിന്തുടരാന്‍ അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.
യുവ സംരംഭകര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പണവും അടിസ്ഥാന സൗകര്യങ്ങളും വഴി സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യവസായ ഐടി വകുപ്പു മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടി തന്റെ സന്ദേശത്തില്‍ ഉറപ്പുനല്‍കി. സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ശക്തി ഇത്തരം സംരംഭങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിലൂടെ ‘ബുദ്ധിയുടെ തിരിച്ചൊഴുക്ക്’ കേരളത്തിലേക്ക് ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.