തൊഴിലുറപ്പുവേതനം 200 രൂപയാക്കുമെന്ന് മന്ത്രി കെ.സി. വേണുഗോപാല്‍

single-img
13 September 2013

kc-venugopalevarthaമഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം 200 രൂപയായി വര്‍ധിപ്പിക്കാന്‍ താമസമുണ്ടാകില്ലെന്ന് കേന്ദ്രവ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍. ആലപ്പുഴ ജില്ലയിലെ നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന വനിതകള്‍ക്കുള്ള ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പു വേതനം 150 ആയിരുന്നത് 180 ആയി വര്‍ധിപ്പിച്ചു. അധികം താമസിയാതെ ഇത് 200 രൂപയാക്കും. തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ ആലപ്പുഴ ചരിത്രം സൃഷ്ടിച്ചു. നാലുവര്‍ഷം മുമ്പ് ആയിരം പേരായിരുന്നു നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കിയതെങ്കില്‍ ഇന്ന് 36,000 പേരാണ് ഈ നേട്ടംകൈവരിച്ചത്. തൊഴിലുറപ്പുകൂലി പതിനഞ്ചുദിവസത്തിനകം തൊഴിലാളികള്‍ക്കു നല്‍കണമെന്നാണ് നിയമം. പല പഞ്ചായത്തുകളും കൃത്യസമയത്ത് നല്‍കുന്നില്ലെന്നു പരാതിയുണ്ട്. രാജ്യത്ത് തൊഴിലുറപ്പു കൂലി നല്‍കാനായി 33,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു.