കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന 100 കോടി രൂപ കവിഞ്ഞു.

single-img
13 September 2013
ഓണത്തിന് മൂന്നുദിവസം മാത്രം അവശേഷിക്കെ കണ്‍സ്യൂമര്‍ഫെഡിന്റെ സംസ്ഥാനത്ത് ഉടനീളമുള്ള വിപണന മേളകളിലൂടെ അവശ്യസാധനങ്ങളുടെ വില്‍പന 100 കോടി രൂപ കടന്നു. 4551 ഓണം വിപണന കേന്ദ്രങ്ങളിലൂടെ മാത്രം  46.96  കോടി രൂപയുടെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ ഇതുവരെ വിറ്റഴിച്ചതായി കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് അഡ്വ. ജോയി തോമസും മാനേജിംഗ് ഡയറക്ടര്‍ ഡോ.റിജി ജി. നായരും അറിയിച്ചു. സബ്‌സിഡി ഇല്ലാത്ത ഇനങ്ങളുടെ വില്‍പന 8.93 കോടി രൂപയുടേതാണ്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാന വ്യാപകമായി വിപണന മേളകള്‍ തുടങ്ങിയത്. റംസാനോടനുബന്ധിച്ച് പത്തു ദിവസം നീണ്ട 2,707 വിപണന മേളകളിലൂടെ 29.19 കോടി രൂപയുടെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 37.04 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. ജില്ലാ ആസ്ഥാനങ്ങളിലും നിയോജകമണ്ഡലം ആസ്ഥാനങ്ങളിലുമായി 154 മേളകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ഇതുവരെ 13.46 കോടി രൂപയുടെ വില്‍പനയാണ് നടത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഓണം വിപണനമേളകളും തുറന്നു.
പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ വിപണി ഇടപെടല്‍ വന്‍വിജയമാണെന്ന് വില്‍പനയുടെ കണക്കുകള്‍ തെളിയിക്കുന്നു. മൂന്നിനം അരികളും, പഞ്ചസാര, പയര്‍, കടല, പരിപ്പ്, മുളക് തുടങ്ങി 13 ഇനം അവശ്യസാധനങ്ങളും പായസക്കിറ്റുമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണികളില്‍ നിന്ന് സബ്‌സിഡി നിരക്കില്‍ വില്‍പന നടത്തുന്നത്. സെപ്റ്റംബര്‍ 15 വരെയാണ് മേളകള്‍ പ്രവര്‍ത്തിക്കുക.
ഇതുവരെ  വിവിധ ജില്ലകളില്‍ ആകെ നടന്ന വില്‍പനയുടെ കണക്ക് ഇപ്രകാരമാണ്: തിരുവനന്തപുരം – 4.94 കോടി രൂപ, കൊല്ലം – 7.15 കോടി, പത്തനംതിട്ട – 2.80 കോടി, ആലപ്പുഴ – 4.1 കോടി, കോട്ടയം – 1.64 കോടി, ഇടുക്കി – 1.22 കോടി, എറണാകുളം – 6.99 കോടി, തൃശൂര്‍ – 7.87 കോടി, മലപ്പുറം – 3.11 കോടി, പാലക്കാട്- 6.58 കോടി, കോഴിക്കോട് – 3.98 കോടി, വയനാട് – 1.49 കോടി, കണ്ണൂര്‍ – 2.89 കോടി, കാസര്‍കോട് – 1.13 കോടി.
ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 12 വരെയുള്ള കാലയളവില്‍ 3,274 ലോഡ് അരിയാണ് കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയത്. 351 ലോഡ് പഞ്ചസാരയും 211 ലോഡ് വെളിച്ചെണ്ണയും ഓണം വിപണി ലക്ഷ്യമിട്ട് വാങ്ങിയിരുന്നു. മറ്റു സാധനങ്ങള്‍: ഉഴുന്നു പരിപ്പ് – 151 ലോഡ്, ചെറുപയര്‍ – 141 ലോഡ്, വന്‍പയര്‍ – 79 ലോഡ്, തുവരപ്പരിപ്പ് – 54 ലോഡ്, മുളക് – 161 ലോഡ്, മല്ലി – 131 ലോഡ്, കടല – 63 ലോഡ്.