നിരൂപണം: ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് അല്ല മമ്മൂട്ടി

single-img
12 September 2013

Daivathinte Swantham Cleetus  poster03സിനിമ രണ്ടുതരത്തില്‍ എടുക്കാം. നല്ലൊരു കഥയെ നല്ല തിരക്കഥയാക്കി സംവിധാനം ചെയ്ത് കഥാപാത്രങ്ങള്‍ക്കനുയോജ്യരായ ആള്‍ക്കാരെ അഭിനയിപ്പിച്ചാല്‍ മനോഹരമായ ഒരു ദൃശ്യവിരുന്നാക്കി മാറ്റാം. അതല്ലാതെ സിനിമ ഭരിക്കുന്ന ഒരു താരത്തിന് വേണ്ടി അയാള്‍ക്കനുമയാജ്യമായ ഒരു കഥയുണ്ടാക്കി അയാള്‍പറയുന്ന രീതിയില്‍ സംവിധാനിച്ച് പറയുന്ന ആള്‍ക്കാരെ അഭിനയിപ്പിച്ചും സിനിമ ഉണ്ടാക്കാം. ഈ പറഞ്ഞതില്‍ രണ്ടാമത്തെ ഗണത്തില്‍പ്പെടും മമ്മൂട്ടിയുടെ സ്വന്തം ക്ലീറ്റസ്.

മാര്‍ത്താണ്ഡന്‍ എന്ന സംവിധായകന്റെ ആദ്യ സംരംഭമായ ക്ലീറ്റസ് എല്ലാതരത്തിലും തികഞ്ഞ ഒരു പരാജയമായിരിക്കുകയാണ്. കഥയെന്തോ ആയിക്കൊള്ളട്ടെ, നല്ലൊരു തിരക്കഥയൊരുക്കുവാനോ സംവിധാനം നിര്‍വ്വഹിക്കുവാനോ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടില്ല. ഇതില്‍ ഏറ്റവും ഖേദകരം മ്മമൂട്ടി എന്ന നടന്‍ ഒരു അഭിനേതാവില്‍ നിന്നും നടനിലേക്കുമാറാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ്. മമ്മൂട്ടിയുടെ ചുറ്റും വട്ടമിട്ട് പറക്കുന്ന സിനിമ ഒരു സമയത്തുപോലും കാണികളെ തെല്ലും രസിപ്പിക്കുന്നില്ല.

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന പുതുമയെ ഇവിടെ ന്യൂജനറേഷന്‍ എന്ന് പരമ്പരാഗത സിനിമാ പ്രവര്‍ത്തകര്‍ വിളിക്കുന്നു. ഈ പുതുമ ഇങ്ങനെ മാറിക്കൊണ്ടിരിക്കും. പക്ഷേ സിനിമ തുടങ്ങിയ കാലം മുതല്‍ മാറാതെ ആവര്‍ത്തന വിരസത സൃഷ്ടിക്കുന്ന കുറേയേറെ സീനുകള്‍ മലയാള സിനിമാരംഗത്തുണ്ട്. അവയെ പരമാവധി ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സംവിധായകന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. പണ്ട് കിരീടം ഇറങ്ങിയപ്പോള്‍ പറഞ്ഞിരുന്നു, ഇതിലെ സേതുമാധവന്റെ വേഷം മോഹന്‍ലാലിനു മാത്രമേ ചെയ്യാന്‍ കഴിയുള്ളൂവെന്ന്. അതുപോലെ വടക്കന്‍ വീരഗാഥയ്ക്കും ഈ അഭിപ്രായം ഉയര്‍ന്നു കേട്ടിരുന്നു. ശരിയായ നീരീക്ഷണമായിരുന്നുവത്. ഈ സിനിമ കണ്ടിറങ്ങുന്നവരോട് ആരോട് ചോദിച്ചാലും പറയും ഇതിലെ ക്ലീറ്റസിന്റെ വേഷം മമ്മൂട്ടിക്കു മാത്രമേ ചെയ്യാന്‍ കഴിയുള്ളൂവെന്ന്. കാരണം ഈ വേഷം മാത്രമല്ല, ഈ ചിത്രമേ മമ്മൂട്ടിയെന്ന നടനെ ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടിയെടുത്തതാണെന്ന് കണ്ടിരിക്കുന്നവര്‍ ബുദ്ധിക്കുസ്ഥിരതയില്ലാത്തവരാണെങ്കിലും മനസ്സിലാകുമെന്നതു തന്നെ.

ഒരു നടകകുടുംബ നാഥനായ റാഫേല്‍ (പി. ബാലചന്ദ്രന്‍) പള്ളി വികാരിയായ തന്റെ അനുജന്റെ (സിദ്ദിക്ക്) നിര്‍ദ്ദേശപ്രകാരം ബൈബിള്‍ കഥ പള്ളിയിലെ ഉത്സവത്തിന് കളിക്കാന്‍ നാടകമാക്കുന്നു. അതും ന്യൂജനറേഷന്‍ രീതിയില്‍.എന്നുപറഞ്ഞാല്‍ ഒരു മൈതാനത്തിന്റെ പല സ്ഥലങ്ങളില്‍ സ്‌റ്റേജു കെട്ടി ആ സ്‌റ്റേജുകളില്‍ മാറിമാറി കളിക്കുന്ന രീതി. (ഈ രീതി മമ്മൂട്ടിയുടെ പെര്‍ഫോമിങ്ങ് സൗകര്യത്തിനു വേണ്ടിയായിരുന്നുവെന്ന് സിനിമ തീരുമ്പോള്‍ മനസ്സിലാകും). അതില്‍ യേശുവായി അഭിനയിക്കാന്‍ ഒരു നടനെ വേണം. അതിനായി അച്ചനും റാഫേലിന്റെ മരുമകന്‍ കുഞ്ഞച്ചനും (സുരാജ് വെഞ്ഞാറമൂട്) നടനെ തിരക്കിയിറങ്ങുന്നു. ഒടുവില്‍ ഒരു കടല്‍ക്കരയില്‍ വച്ച് ആ അഭൗമ തേജസ് വഴിഞ്ഞൊഴുകുന്ന മനുഷ്യനെ (ക്ലീറ്റസ്- മമ്മൂട്ടി) അവര്‍ ദര്‍ശിക്കുന്നു. (ഇതാണ് നേരത്തെ പറഞ്ഞ പാരമ്പര്യമായി തുടര്‍ന്നു വരുന്ന ആവര്‍ത്തന വിരസത സൃഷളടിക്കുന്ന സീനുകളില്‍ ഒന്ന്). അപ്പോള്‍തന്നെ യേശുവായി അഭിനയിക്കുന്നത് ഈ മനുഷ്യനാണെന്ന് അവര്‍ വിധിയെഴുതുകയും അതിനായി ക്ഷണിക്കുകയും ചെയ്യുന്നു. പക്ഷേ അവരെ നിരാശരാക്കിക്കൊണ്ട് അദ്ദേഹം അത് നിരാകരിക്കുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ ശിങ്കിടിയുടെ (അജോ ജോണ്‍) അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം നാടകക്യാമ്പിലേക്കു വരുന്നു.

ക്യാമ്പില്‍ വന്നശേഷമാണ് ക്ലീറ്റസ് നാട്ടിലെ പ്രധാന ഗുണ്ടയും തരികിടയുമാണെന്ന് മനസ്സിലാക്കുന്നത്. അതിനുശേഷം നാടക ക്യാമ്പിലും ആ നാട്ടിലും സംഭവിക്കുന്ന സംഭവങ്ങളും മറ്റുമാണ് സിനിമയുടെ കഥ. കൂടുതല്‍ പറഞ്ഞ് ആ ത്രില്ല് കളയുന്നില്ല. ആപത്ത് അനുഭവിച്ചുതന്നെ തീര്‍ക്കണം.

ക്രിസ്തുവിന്റെ ജീവിതവുമായി ക്ലീറ്റസിന്റെ ജീവിതം പലരുടെയും വീക്ഷണകോണില്‍ക്കൂടി കാണിച്ച് പ്രേക്ഷകന്റെ ക്ഷമയെ തിരക്കഥാകൃത്തും സംവിധായകനും പരീക്ഷിക്കുന്നുണ്ട്. പക്ഷേ ഈ സ്ഥലത്തെല്ലാം യേശുവിനെയല്ല പകരം മമ്മൂട്ടിയെന്ന നടനെയാണ് സംവിധായകന്‍ കാണിക്കന്നതെന്ന് തോന്നുന്നു. (33 വയസ്സില്‍ യേശു കുരുശുമരണം വരിച്ചുവെന്ന് ലോകം വിശ്വസിക്കുന്നു). ക്ലൈമാക്‌സില്‍ കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ തിരക്കഥയിലുണ്ടോ എന്ന് തിരക്കഥാകൃത്തിനോടും അന്വെഷിക്കേണ്ടിയിരിക്കുന്നു.

ചിത്രത്തിന്റെ പ്രധാന പ്രത്യേകത മുക്കിന് മുക്കിന് ട്വിസ്റ്റുകള്‍ സംവിധായകന്‍ കരുതിവച്ചിട്ടുണ്ടെന്നുള്ളതാണ്. അതില്‍ ഭീകരം അവസാനത്തേതും അതിനു മുമ്പത്തേതും. പിന്നെ അഭിനേതാക്കളുടെ കാര്യം- ആര്‍ക്കും പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലാത്തതിനാല്‍ എടുത്തുപറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഹണിറോസ് മമ്മൂട്ടിയുടെ നായികയാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പതിവിലും ഭംഗിയായി സുരാജ് ബോറടിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ തമാശകളും അതുപോലെ തന്നെ. പിന്നെ ഇടയ്ക്ക് വരുന്ന കൈലാഷ്, എന്തിനാണ് വന്നതെന്ന് ഇനി കാണുമ്പോള്‍ ചോദിക്കണം.

കൂടുതലൊന്നും പറയുന്നില്ല. സിനിമ കഴിയുന്നവര്‍ പോയി കാണണം. മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടി യേശു മരിച്ചു. ഇനി നമ്മള്‍ കാരണം ആരുടെയെങ്കിലും പാപങ്ങള്‍ തീരുന്നെങ്കില്‍ തീരട്ടെ.

വാല്‍: സിനിമയുടെ പേര് ദൈവത്തിന്റെ സ്വന്തം മമ്മൂട്ടിയെന്നോ മമ്മൂക്കയെന്നോ ആയിരുന്നു നല്ലത്. ഇങ്ങനെ പോയാല്‍ ദൈവത്തിനു മാത്രമേ ഇക്കയെ രക്ഷിക്കാന്‍ കഴിയൂ….