സിറിയയ്‌ക്കെതിരായ യുദ്ധം അനിവാര്യമെന്ന് ഒബാമ

single-img
11 September 2013

obama.സിറിയയ്‌ക്കെതിരേ യുദ്ധം അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ച് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ. വൈറ്റ് ഹൗസില്‍ നിന്ന് രാഷ്ട്രത്തോട് നടത്തിയ ടെലിവിഷന്‍ അഭിസംബോധനയിലാണ് ഒബാമ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം രാസായുധപ്രയോഗത്തിലൂടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിറിയന്‍ സര്‍ക്കാരിന് വ്യക്തമായ ഉത്തരവാദിത്വമുണ്‌ടെന്ന് ഒബാമ പറഞ്ഞു. രാസായുധപ്രയോഗത്തിലൂടെ സിറിയ യുദ്ധനിയമം ലംഘിച്ചതായും ഈ സാഹചര്യത്തില്‍ വെറും കാഴ്ചക്കാരായിരിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാസായുധ പ്രയോഗത്തിന് തിരിച്ചടി നല്‍കേണ്ടത് അമേരിക്കയുടെ ദേശീയ സുരക്ഷാതാല്‍പര്യത്തിന് അനിവാര്യമാണെന്നും ഒബാമ പറഞ്ഞു. സിറിയയില്‍ സൈനിക നടപടിക്കായി നേരത്തെ മുതല്‍ ആവശ്യമുയരുന്നുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ ഒബാമ ഇതില്‍ നിന്ന് താന്‍ പിന്നാക്കം പോകുകയായിരുന്നെന്നും പറഞ്ഞു. എന്നാല്‍ രാസായുധപ്രയോഗമാണ് തന്റെ മനസുമാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ സേനയ്ക്ക് അമേരിക്കന്‍ സൈന്യത്തോട് പിടിച്ചുനില്‍ക്കാനാകില്ലെന്നും ഒബാമ പറഞ്ഞു.