നീര ഉത്പാദനം: തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലെന്ന് മന്ത്രി കെ. ബാബു

single-img
11 September 2013

K.P Mohanan - 2നീര ഉത്പാദനം സംബന്ധിച്ച നയപരമായ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാകുമെന്നും ചെത്തുതൊഴിലാളികളെ ബാധിക്കാത്ത തരത്തിലാകും പദ്ധതി നടപ്പാക്കുകയെന്നും എക്‌സൈസ്-ഫിഷറീസ് മന്ത്രി കെ. ബാബു. എക്‌സൈസ് വകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ മൊബൈല്‍ മദ്യപരിശോധനാ ലാബ് ആലപ്പുഴയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. നീര ഉത്പാദനത്തിനായി അബ്കാരി ചട്ടങ്ങളില്‍ അവശ്യമായ ഭേദഗതി വരുത്തും. പൂട്ടിക്കിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിലാളികളെ നീര ഉത്പാദനത്തിന് ഉപയോഗിക്കും. ഈ തൊഴിലാളികളെ ലഭിക്കാതെ വന്നാല്‍ മാത്രമേ പരിശീലനം നല്‍കിയവരെ ഉപയോഗിക്കൂ. വ്യാജമദ്യത്തെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. പിടിച്ചെടുക്കുന്ന വ്യാജമദ്യത്തിന്റെ മൂല്യത്തിന്റെ 25 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷനായി അനുവദിക്കുന്നുണ്ട്. നന്നായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.