റെയില്‍വേ പുകയില നിയന്ത്രണനിയമം കര്‍ശനമാക്കുന്നു

single-img
11 September 2013

തിരുവനന്തപുരം: കേരള റെയില്‍വേ പൊലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി തിരുവനന്തപുരം ഡിവിഷനിലെ റെയില്‍വേ സ്‌റ്റേഷനുകളിലും തീവണ്ടികളിലും കേന്ദ്ര പുകയില നിയന്ത്രണ നിയമമായ ‘കോട്പ’ കര്‍ശനമായി നടപ്പാക്കും. ഇക്കാര്യം ഡിവിഷണല്‍ റെയില്‍വേ അധികാരികളുമായി ചര്‍ച്ച ചെയ്യുമെന്ന് റെയില്‍വേ എസ്.പി ശ്രീ സിഎച്ച്. നാഗരാജുവും ആര്‍.പി.എഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ശ്രീ രജനീഷ് കുമാര്‍ ത്രിപാഠിയും അറിയിച്ചു.

റീജണല്‍ കാന്‍സര്‍ സെന്ററും മലബാര്‍ കാന്‍സര്‍ സെന്ററും ഉള്‍പ്പെടെയുള്ള സമാനമനസ്‌കരായ സ്ഥാപനങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച ആരോഗ്യമന്ത്രി ശ്രീ. വി.എസ് ശിവകുമാര്‍ ചെയര്‍മാനായ ‘ടുബാക്കോ ഫ്രീ കേരള’ സംഘടിപ്പിച്ച ശില്‍പശാലയിലാണ് നിയമം കര്‍ക്കശമാക്കുന്ന കാര്യം ഇരുവരും അറിയിച്ചത്. കോട്പ 2003നെപ്പറ്റി ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം പുകയിലയുടെ ഉപയോഗം മൂലം കുടുംബങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങളെപ്പറ്റിയും ശില്‍പശാലയില്‍ വിശദീകരിച്ചു.

തുടര്‍ന്ന് കോട്പ നിയമത്തിലെ വിവിധ വകുപ്പുകളെപ്പറ്റിയും നിയമലംഘനത്തിന് കൈക്കൊള്ളാവുന്ന ശിക്ഷകളെപ്പറ്റിയും വിശദീകരിച്ചു. കോട്പയിലെ നാലാം വകുപ്പു പ്രകാരം പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍ 200 രൂപ വരെ പിഴയീടാക്കാവുന്ന കുറ്റമാണ്. പൊതുഗതാഗത സംവിധാനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, റെയില്‍വേ വിശ്രമ മുറികള്‍, റിഫ്രഷ്‌മെന്റ് മുറികള്‍ തുടങ്ങിയവയെല്ലാം നാലാം വകുപ്പു പ്രകാരം പൊതുസ്ഥലങ്ങള്‍ എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരും. ഇവയുടെയെല്ലാം പ്രവേശന കവാടത്തിലും അകത്തും നിശ്ചിത വലിപ്പത്തിലും രീതിയിലും ‘പുകവലി നിരോധിത മേഖല’ എന്ന ബോര്‍ഡു വയ്‌ക്കേണ്ടതും ഈ നിയമപ്രകാരം നിര്‍ബന്ധമാണ്.

സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍മാര്‍ക്ക് കോട്പ നിയമ പ്രകാരം നടപടിയെടുക്കാന്‍ അധികാരമുണ്ട്. റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, സ്റ്റേഷന്‍ ഹെഡ്, സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്, ടിടിഇ, ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍, ടിക്കറ്റ് കളക്ടര്‍, ആര്‍പിഎഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത റാങ്കിലുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം നിയമത്തിലെ നാലാം വകുപ്പു പ്രകാരം പുകയില ഉപയോഗത്തിനെതിരെ നടപടിയെടുക്കാന്‍ അധികാരമുണ്ട്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സമീപനാളില്‍ ഷാഡോ പരിശോധന നടത്തിയപ്പോള്‍ പുകവലിയുമായി ബന്ധപ്പെട്ട ഒരു കേസുപോലും ലഭിച്ചില്ലെന്നും ഈ ജാഗ്രത തുടര്‍ന്നും ഉണ്ടാകുമെന്നും ശ്രീ നാഗരാജു പറഞ്ഞു. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ കോട്പ നിയമപ്രകാരമുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാരോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശില്‍പശാലയ്ക്കു നേതൃത്വം നല്‍കിയ റിട്ട. ഡിവൈഎസ്പി അഡ്വ. കെ. മോഹന കുമാര്‍ പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലത്തെപ്പറ്റി വിശദീകരിച്ചു. ഒരു പ്രമുഖ ബ്രാന്‍ഡിന്റെ ഒരു സിഗററ്റിലടങ്ങിയ നിക്കോട്ടിന്‍ രക്തത്തില്‍ നേരിട്ട് കുത്തിവച്ചാല്‍ ഏഴു പേരുടെ മരണത്തിന് അതു മതിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുഡ്കയും പാന്‍ മസാലയും പോലുള്ള ചവയ്ക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നവരില്‍ സ്പര്‍ശ, രുചി ശേഷികള്‍ നഷ്ടപ്പെടുന്നതിനൊപ്പം ഏറെ വേദനാജനകമായ വായില്‍ വരുന്ന അര്‍ബുദത്തിനും അതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചാം വകുപ്പ് പുകയില പരസ്യങ്ങള്‍ നിരോധിക്കുമ്പോള്‍ ആറാം വകുപ്പ് പ്രകാരം പുകയില ഉല്‍പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു വില്‍ക്കുന്നതും അവര്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു വാര (91.4 മീറ്റര്‍) പരിധിക്കുള്ളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു. എല്ലാ പുകയില ഉല്‍പന്നങ്ങളുടെ പായ്ക്കറ്റുകളിലും നിയമപ്രകാരമുള്ള ആരോഗ്യമുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ഏഴാം വകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്നു.

ആര്‍സിസി തയ്യാറാക്കിയ, പുകയിലയുടെ ഇരകള്‍ ദുരന്തം പങ്കുവയ്ക്കുന്ന ഡോക്യുമെന്ററികള്‍ ശില്‍പശാലയില്‍ പ്രദര്‍ശിപ്പിച്ചു. വായ്ക്കുള്ളില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് നാവ് മുറിച്ചുമാറ്റിയ യുവാവ് വിദഗ്ദ്ധ ചികില്‍സ ലഭ്യമായിട്ടും അകാല മരണം വരിച്ചതിനെപ്പറ്റിയും ഒരു വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. റെയില്‍വേ പൊലീസിലേയും ആര്‍പിഎഫിലേയും 30 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ ശ്രീ രജനീഷ് കുമാര്‍ ത്രിപാഠി, റെയില്‍വേ പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ശ്രീ എസ്. സനല്‍കുമാര്‍ എന്നിവരും പ്രസംഗിച്ചു.