എച്ച്എല്‍എല്‍ 387 ലക്ഷം രൂപയുടെ ലാഭവിഹിതം കേന്ദ്രസര്‍ക്കാരിന് കൈമാറി

single-img
11 September 2013
മിനിരത്‌ന പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ 387 ലക്ഷം രൂപ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിനു നല്‍കി. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 36 ശതമാനം  വളര്‍ച്ചയാണ് നേടിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഗുലാം നബി ആസാദിന് എച്ച്എല്‍എല്‍ ചെയര്‍മാനും എംഡിയുമായ ഡോ.എം.അയ്യപ്പന്‍ തുകയ്ക്കുള്ള ചെക്ക് കൈമാറി.
2012-13 കാലത്ത് 1,376 കോടി രൂപയുടെ റെക്കോഡ് ബിസിനസ്സാണ് നടത്തിയത്. ഏക ഉല്‍പന്നവുമായി തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ ആരോഗ്യരക്ഷാരംഗത്തെ സുപ്രധാന സ്ഥാപനമായി മാറിയത് പുതുമയെ ഉള്‍ക്കൊണ്ടതിനാലാണെന്ന് ഡോ.അയ്യപ്പന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ആക്കുളത്ത് ജനുവരി ഒന്നിന് ആരംഭിച്ച 60000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ എച്ച്എല്‍എല്ലിന്റെ കോര്‍പ്പറേറ്റ് ഗവേഷണ വികസന കേന്ദ്രം നൂതനരീതികളിലൂടെയുള്ള വിജയത്തിന്റെയും വളര്‍ച്ചയുടെയും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയുടെ ഉല്‍പാദനശേഷിക്കാണ് ഇവിടെ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
എച്ച്എല്‍എല്ലിന്റെ സബ്‌സിഡിയറി സ്ഥാപനമായ എച്ച്എല്‍എല്‍ ബയോടെക്കിനു (എച്ച്ബിഎല്‍) കീഴില്‍ 594 കോടി രൂപ മുടക്കി  തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സിന്റെ നിര്‍മാണം സമയബന്ധിതമായി പുരോഗമിക്കുകയാണെന്ന് ഡോ.അയ്യപ്പന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗര്‍ഭനിരോധന ഉറകളുടെ ആകെ ഉല്‍പാദന ശേഷി 16.4 കോടിയിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് തുടര്‍ച്ചയായ മൂന്നാംവര്‍ഷവും എച്ച്എല്‍എല്ലിനെ ‘എക്‌സലന്റ്’ സ്ഥാപനമായി വിലയിരുത്തിക്കഴിഞ്ഞു. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ആശുപത്രി ഉല്‍പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, വാക്‌സിനുകള്‍, വ്യക്തിശുചിത്വോല്‍പന്നങ്ങള്‍, രോഗനിര്‍ണയോപാധികള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് എച്ച്എല്‍എല്ലിനുള്ളത്. അടിസ്ഥാന സൗകര്യവികസനം, പ്രൊക്യുര്‍മെന്റ് കണ്‍സള്‍ട്ടന്‍സി, ഫെസിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ സേവന മേഖലകളിലേക്കും എച്ച്എല്‍എല്ലിന്റെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു. സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ട് ആരോഗ്യരക്ഷാരംഗത്തേക്കുള്ള ഉല്‍പന്നങ്ങളുടെ സമഗ്ര വിതരണക്കാരായി കമ്പനി ഇപ്പോള്‍ അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു.