സംരംഭകത്വദിന സന്ദേശവുമായി ഇന്റര്‍നെറ്റിലൂടെ മുഖ്യമന്ത്രി 20 ലക്ഷം വിദ്യാര്‍ഥികള്‍ക്കിടയിലേക്ക്

single-img
11 September 2013

oommen chandyകേരളം സാങ്കേതികവിപ്ലവത്തിന്റെ പാതയിലൂടെ കുതിക്കുന്നതിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി 20 ലക്ഷം വിദ്യാര്‍ഥികളുടെ വിരല്‍ത്തുമ്പിലേക്ക് നേരിട്ടെത്തുന്നു. കേരളത്തിലെ യുവാക്കളുടെ സംരംഭകത്വശേഷിയും ശക്തിയും ആഘോഷിച്ചുകൊണ്ട് സെപ്റ്റംബര്‍ 12ന് നടത്തുന്ന സംരംഭകത്വ ദിനാചാരണത്തിന്റെ ഭാഗമായിട്ടാണിത്. സംസ്ഥാനം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിപുലമായ ‘ഓണ്‍ലൈന്‍ കണക്ട്’ ആയിരിക്കും ഈ പരിപാടി.
ഗൂഗിള്‍ പ്ലസ് ഹാംഗ്ഔട്ടിലൂടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഭാവിയില്‍ തൊഴിലന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ കേരളത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ ഐടി വകുപ്പു മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടിയും പരിപാടിയില്‍ പങ്കുചേരും. സംരംഭകത്വ നയവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ഭാവിപരിപാടികളെപ്പറ്റിയും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ യുവാക്കളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെപ്പറ്റിയും മുഖ്യമന്ത്രി വിശദീകരിക്കും.
യുട്യൂബിലൂടെയും (www.youtube.com/oommenchandykerala) ‘ഹാംഗ്ഔട്ട് ഓണ്‍ എയ’റിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശം തല്‍സമയം സംപ്രേഷണം ചെയ്യും. ക്യാംപസുകളില്‍ ഇത് അപ്പോള്‍തന്നെ പ്രദര്‍ശിപ്പിക്കാന്‍ കോളജുകള്‍ക്കു നിര്‍ദ്ദേശം നല്‍കുകയും സ്‌കൂളുകള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സര്‍ക്കുലര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കംപ്യൂട്ടറോ മൊബൈല്‍ഫോണോ കൈവശമുള്ളവര്‍ക്ക് കേരളത്തിന്റെ ആദ്യ സംരംഭകത്വ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം നേരിട്ട് കാണാനും കേള്‍ക്കാനും സാധിക്കും. സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ ജൂലൈ അവസാനം നടന്ന വീക്കെന്‍ഡ് അറ്റ് സ്റ്റാര്‍ട്ടപ്പ് പരിപാടിയില്‍ രണ്ടായിരത്തോളം വരുന്ന വിദ്യാര്‍ഥി സമൂഹത്തെ സ്‌കൈപ്പിലൂടെ അഭിസംബോധന ചെയ്ത ശേഷം മുഖ്യമന്ത്രി നടത്തുന്ന ഓണ്‍ലൈന്‍ കണക്ട് പരിപാടിയാണിത്.
എമര്‍ജിംഗ് കേരളയോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ വിദ്യാര്‍ഥി സംരംഭകത്വ നയം പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികംകൂടിയാണിത്. വിദ്യാഭ്യാസം തുടരുമ്പോള്‍ തന്നെ വിദ്യാര്‍ഥികളുടെ നൂതന സംരംഭങ്ങളേയും ആശയങ്ങളേയും പ്രോല്‍സാഹിപ്പിക്കാനുള്ള പരിവര്‍ത്തനോന്മുഖമായ പരിശ്രമമായിരുന്നു വിദ്യാര്‍ഥി സംരംഭകത്വ നയം. 20 ശതമാനം ഗ്രേസ് ഹാജറും നാലു ശതമാനം ഗ്രേസ് മാര്‍ക്കുമാണ് വിദ്യാര്‍ഥി സംരംഭകര്‍ക്ക് ഈ നയത്തിലൂടെ വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഈ നയത്തിന്റെ പ്രഭാവത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ത്യയിലെ ആദ്യത്തെ ടെലകോം ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജിലേക്കു പ്രവഹിച്ച അപേക്ഷകള്‍. 2012 ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഇവിടേക്ക് ഇതുവരെ വന്ന 1000ല്‍ അധികം അപേക്ഷകളില്‍ നല്ലപങ്കും വിദ്യാര്‍ഥിസംരംഭകരുടേതായിരുന്നു.
സ്റ്റാര്‍ട്ടപ്പ് വില്ലേജും ടെക്‌നോപാര്‍ക്ക് ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററും ചേര്‍ന്ന് വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ ‘സ്റ്റാര്‍ട്ടപ്പ് ഭിത്തി’ സജ്ജീകരിക്കും. കേരളത്തിന്റെ സംരംഭകത്വ മുന്നേറ്റവും അതിലെ നാഴികക്കല്ലുകളും ഇതില്‍ പതിപ്പിക്കും. രാവിലെ ഒമ്പതിന് മന്ത്രി ശ്രീ. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ‘സ്റ്റാര്‍ട്ടപ്പ് ഭിത്തി’ ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് പരിശ്രമങ്ങളില്‍ പങ്കാളികളാകാന്‍ കൂടുതല്‍ യുവാക്കളെ ആശ്രയിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒപ്പം പുതിയ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ പരിതസ്ഥിതി സൃഷ്ടിക്കപ്പെട്ട സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ ഉയര്‍ത്തിക്കാട്ടുകയും ഇതിന്റെ ലക്ഷ്യമാണ്.
യുവാക്കളിലേക്ക് ഇതിന്റെ സന്ദേശമെത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് വലിയൊരു ഓണ്‍ലൈന്‍ സംരംഭകത്വ യജ്ഞവും സംഘടിപ്പിക്കുന്നുണ്ട്. ഫെയ്‌സ് ബുക്കിലൂടെ സംരംഭകത്വദിന പോസ്റ്ററുകളും വീഡിയോകളു,ം യൂട്യൂബും ട്വിറ്ററും വഴി വീഡിയോ പ്രചരണവും ഇതിന്റെ ഭാഗമാണ്.