നാല് വടക്കന്‍ ജില്ലകളില്‍ പെട്രോള്‍ പമ്പ് സമരം

single-img
10 September 2013

petrol_price_hike_z8gqdകരാര്‍ പുതുക്കാത്തതില്‍ പ്രതിഷേധിച്ചും വാടകവര്‍ധന ആവശ്യപ്പെട്ടും ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറി ഉടമകള്‍ ആരംഭിച്ച സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മലബാറിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും ഇന്ന് അടച്ചിട്ടതിനെ തുടര്‍ന്ന് പെട്രോള്‍ ക്ഷാമം രൂക്ഷമായി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിട്ട് സൂചന സമരം നടത്തുന്നത്്. കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പമ്പുകള്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഇന്ധനക്ഷാമം രൂക്ഷമായി. സമരം അറിയാതെ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനയാത്രക്കാരാണ് വലഞ്ഞത്. കരാര്‍ പുതുക്കാത്തതിനെതുടര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ ഒരാഴ്ച മുമ്പ് തുടങ്ങിയ സമരം അവസാനിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ടാങ്കര്‍ ലോറി ഉടമകളും ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കരാര്‍ പുതുക്കി നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എച്ച്പി അധികൃതര്‍ അറിയിച്ചതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ഇതിനെ തുടര്‍ന്ന് സമരത്തിലേയ്ക്ക് നീങ്ങിയ ടാങ്കര്‍ ഉടമകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് പെട്രോള്‍ പമ്പ് ഉടമകളും സൂചനാ സമരത്തിന് തയ്യാറായത്. ഇതേതുടര്‍ന്ന് എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ഇന്ധന വിതരണം നടത്തുന്ന എല്ലാ കമ്പനികളുടേയും പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് പെട്രോള്‍ പമ്പ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.