Editors Picks

മുന്‍പേ പറന്ന് കേരളത്തിലെ യുവസംരംഭകര്‍

The People's Company team (from left) (back row) Ashik Salim, Muhammad Junaid, Syamkrishnan P A, Raqib Rasheed (front row) Anto D Akkara, Shehaz V B
The People’s Company team (from left) (back row) Ashik Salim, Muhammad Junaid, Syamkrishnan P A, Raqib Rasheed (front row) Anto D Akkara, Shehaz V B

കേരളത്തിലെ നവസംരംഭകത്വ അന്തരീക്ഷത്തിന് തിളക്കമേകിക്കൊണ്ട് പറക്കമുറ്റിത്തുടങ്ങിയ യുവാക്കളുടെ രണ്ട് സംഘങ്ങള്‍ വിജയത്തിലേക്ക് തങ്ങളുടേതായ വഴിതുറക്കുന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ‘പ്രൊഫൗണ്ടിസ്’ എന്ന കമ്പനിയെ സിലിക്കണ്‍ വാലി വിളിച്ചപ്പോള്‍ മറ്റൊരു സംഘം യുവ എന്‍ജിനീയര്‍മാരുടെ ‘ദ പീപ്പിള്‍സ് കമ്പനി’ എന്ന കൂട്ടായ്മയെ കേരള സര്‍ക്കാരാണ് ഒപ്പംകൂട്ടുന്നത്.
സര്‍ക്കാരിന്റെ പ്രോല്‍സാഹനവും യുവതലമുറയുടെ കാര്യശേഷിയും ഒത്തുവന്നപ്പോള്‍ കേരളത്തിലെ സംരംഭകത്വരംഗത്ത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുണ്ടായ കാതലായ മാറ്റത്തിന്റെ ഉദാഹരണമാണ് ഈ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിജയകഥകള്‍. കഠിനപ്രയത്‌നത്തിനു തയ്യാറാകാതെ കേവലം തൊഴിലന്വേഷകരായി ഒതുങ്ങിക്കൂടുന്ന പരമ്പരാഗത രീതിയില്‍ നിന്നു വ്യതിചലിക്കാന്‍ തീരുമാനിച്ച യുവാക്കളുടെ സൃഷ്ടികളാണ് പ്രൊഫൗണ്ടിസും ദ പീപ്പിള്‍സ് കമ്പനിയും. കേരളത്തിലെ നവസംരംഭകത്വാന്തരീക്ഷത്തിന്റെ ഗുണഭോക്താക്കളാണ് ഇരു കൂട്ടരും. കേരളത്തിന്റെ പുതിയ സംരംഭകത്വ സംസ്‌കാരം എത്രമാത്രം വ്യാപ്തിയുള്ളതാണെന്നും ഇവരുടെ പ്രവര്‍ത്തനരീതികള്‍ തെളിയിക്കുന്നു.
ഇന്ത്യയിലെ ആദ്യ ടെലികോം ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് അവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ച് നാല് യുവ എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് പ്രൊഫൗണ്ടിസ് എന്ന പേരില്‍ വിവര വിശകലനത്തിനുള്ള (ഡേറ്റാ അനലറ്റിക്‌സ്) കമ്പനി ആരംഭിച്ചത്. 15 മാസം പിന്നിടുമ്പോഴേക്കും ഇവര്‍ക്ക് ആഗോളതലത്തില്‍ തന്നെ അംഗീകാരം ലഭിക്കുകയായിരുന്നു. യുഎസിനു വെളിയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കുന്നതിനും അവയ്ക്ക് സിലിക്കണ്‍ വാലിയുടെ സേവനം ലഭ്യമാകുന്നതിനുമുള്ള നൂതന പദ്ധതിയായ ബ്ലാക്‌ബോക്‌സ് കണക്ടിലേക്ക് പ്രൊഫൗണ്ടിസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
പ്രൊഫൗണ്ടിസ് സിഇഒ അര്‍ജുന്‍ ആര്‍ പിള്ളയും സിഒഒ ജോഫിന്‍ ജോസഫും ഒക്ടോബര്‍ ആദ്യവാരം അമേരിക്കയിലേക്കു പറക്കും. പ്രത്യേക പരിശീലന ശില്‍പശാലകളും സെമിനാറുകളും, നെറ്റ്‌വര്‍ക്കിംഗിനുള്ള അവസരങ്ങളും ഉള്‍പ്പെടെ രണ്ടാഴ്ചത്തെ വിപുലമായ പരിപാടികളാണ് ഇവരെ കാത്തിരിക്കുന്നത്. ഒപ്പം പ്രമുഖ ഐടി കമ്പനികള്‍ സന്ദര്‍ശിച്ച് അവരുടെ സംരംഭങ്ങള്‍ വിജയകരമായതെങ്ങിനെയെന്നു മനസ്സിലാക്കാനും സിലിക്കണ്‍ വാലിയിലെ തൊഴില്‍ സംസ്‌കാരത്തെ അടുത്തറിയാനും ഈ യാത്രയില്‍ അവസരമുണ്ട്.
സോഫ്റ്റ്‌വെയര്‍ ഉല്‍പാദന, സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന നിലയില്‍ ലോകത്തെ ഏറ്റവും വലിയ ഐടി ഹബ് നേരില്‍ കണ്ടു മനസ്സിലാക്കാന്‍ ലഭിക്കുന്ന അവസരം തങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതാണെന്നും പ്രൊഫൗണ്ടിസിന്റെ വളര്‍ച്ചയുടെ അടുത്ത ആഗോളഘട്ടത്തിലേക്കുള്ള ചുവടുവയ്പാണിതെന്നും അര്‍ജുന്‍ ആര്‍. പിള്ള പറഞ്ഞു.
ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ പോര്‍ട്ടലുകള്‍ക്കും വേണ്ടി രൂപകല്‍പന ചെയ്ത ടെസ്റ്റിമോണിയല്‍ മാനേജ്‌മെന്റ് സിസ്റ്റമായ ഐടെസ്റ്റിഫൈഇറ്റ് (ശഠലേെശള്യക)േ ആണ് പ്രൊഫൗണ്ടിസിന്റെ പ്രധാന ഉല്‍പന്നം. ബീറ്റാ ഘട്ടത്തില്‍ തന്നെ 260ല്‍ അധികംപേര്‍ ഇതില്‍ ചേര്‍ന്നു കഴിഞ്ഞു. വൊഡാഫോണ്‍ മുതല്‍ ഫിന്‍ലന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടന വരെ ഇവരുടെ ഇടപാടുകാരായിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത മൂന്നാമത്തെ കമ്പനിയായ പ്രൊഫൗണ്ടിസിന് അവിടത്തെ അടിസ്ഥാനസൗകര്യങ്ങള്‍ക്കൊപ്പം മെന്റര്‍മാരേയും നിക്ഷേപകരേയും ഉപഭോക്താക്കളേയും ലഭിക്കാനും സ്റ്റാര്‍ട്ടപ്പ് വില്ലേജ് സഹായകമായിട്ടുണ്ടെന്ന് ജോഫിന്‍ ജോസഫ് ചൂണ്ടിക്കാട്ടി.
ദ പീപ്പിള്‍സ് കമ്പനിയുടെ സഞ്ചാരമാകട്ടെ തികച്ചും വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെയാണ്. ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുവരെയുള്ള ജോലിവാഗ്ദാനങ്ങള്‍ തിരസ്‌കരിച്ച് റാഖിബ് റഷീദ്, ആഷിക് സലീം, ശ്യാംകൃഷ്ണന്‍ പി.എ, ആന്റോ ഡി അക്കര, ഷെഹാസ് വി.ബി, മുഹമ്മദ് ജുനൈദ് എന്നിവരടങ്ങിയ സംഘം അര ലക്ഷത്തിലധികം വരുന്ന പരമ്പരാഗത തൊഴിലാളികള്‍ അതിജീവനത്തിനു പാടുപെടുന്ന കേരളത്തിന്റെ കൈത്തറി രംഗത്തെ നവീകരിക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ അധ്യയന വര്‍ഷം തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയ ഇവര്‍ ദ പീപ്പിള്‍സ് കമ്പനി എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് കൂട്ടായ്മ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന പൊതുമേഖലയിലെ സംരംഭങ്ങളെ ഘട്ടംഘട്ടമായി ഉണര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി കൈത്തറി രംഗത്തെ താങ്ങിനിര്‍ത്താന്‍ കേരള സര്‍ക്കാരുമായി ഇവര്‍ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.
ഈ വര്‍ഷം ജൂലൈ മുതല്‍ സര്‍ക്കാരുമായുള്ള രണ്ടു വര്‍ഷത്തെ കരാര്‍ പ്രകാരം സംസ്ഥാനത്തെ എല്ലാ നെയ്ത്തു സമൂഹങ്ങളേയും ഇവര്‍ ഏകീകൃത ഉല്‍പാദന സംവിധാനത്തിലേക്ക് സംയോജിപ്പിക്കുകയും ദേശീയതലത്തിലുള്ള ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്ന ന്യൂ ജനറേഷന്‍ ഫാഷന്‍ ഡിസൈനര്‍മാരേയും പരമ്പരാഗത നെയ്ത്തുകാരേയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ നെയ്ത്തു രംഗത്തിന് പുതുജീവന്‍ പകരുകയെന്ന വലിയ ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്.
കോളജില്‍ പഠിക്കുമ്പോള്‍ തന്നെ സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന വിദ്യാര്‍ഥികളായിരുന്നു ഇവര്‍. കോഴ്‌സ് അവസാനിക്കാറായ സമയത്ത്, മെയ് മാസത്തില്‍ ഈ സംഘം വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ വി.സോമസുന്ദരത്തെ സമീപിച്ചു. രോഗാവസ്ഥയിലായ പൊതുമേഖലാ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ബ്ലൂപ്രിന്റും കൈവശമുണ്ടായിരുന്നു. തങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ താല്‍പര്യം തോന്നിയ സര്‍ക്കാര്‍, നെയ്ത്തുതൊഴിലാളികള്‍ പ്രധാന ഗുണഭോക്താക്കളായ കൈത്തറി രംഗത്തെ സഹായിക്കാനുതകുന്ന പദ്ധതിക്ക് രണ്ടു വര്‍ഷത്തെ കരാര്‍ നല്‍കുകയായിരുന്നുവെന്ന് റാഖിബ് പറയുന്നു.
അംഗീകൃത ഡിസൈനുകളും വിപണിസാധ്യതകളും പരിഗണിച്ചായിരിക്കും എല്ലാ ഉല്‍പന്നങ്ങളും പുറത്തിറക്കുക. ഷോറൂമുകളുടെ നവീകരണത്തിനൊപ്പം കൈത്തറി ഉല്‍പന്നങ്ങളുടെ വിപണി വിപുലമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. തൊഴില്‍ തേടുന്ന പുതുതലമുറയിലെ ഫാഷന്‍ ഡിസൈനര്‍മാരെയും കലാബിരുദധാരികളേയും ഇപ്പോഴത്തെ കൈത്തറി വ്യവസായവുമായും അതിന്റെ സംവിധാനങ്ങളുമായും ബന്ധപ്പെടുത്താനുള്ള പദ്ധതികളും ഇതിന്റെ ഘടകമാണ്.
യുവ ഫാഷന്‍ ഡിസൈനര്‍മാരേയും പരമ്പരാഗത നെയ്ത്തുകാരേയും ബന്ധിപ്പിക്കുകയെന്ന ആശയം വളരെ നല്ലതാണെന്നും ഇത്തരത്തിലുള്ള നൂതന ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോല്‍സാഹനവും നല്‍കുമെന്നും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി.എച്ച്.കുര്യന്‍ പറഞ്ഞു. ഇതുപോലുള്ള ചെറുപ്പക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നെയ്ത്തു സമൂഹത്തിന്റെ ഉയര്‍ച്ചക്കായി പദ്ധതിയുമായി വരുന്നുവെന്നതുതന്നെ അത്ഭുതകരമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ സംരംഭകത്വ യുവത്വം നേതൃത്വം നല്‍കുന്ന വിപ്ലവത്തിന്റെ തുടക്കമാണിതെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ ചൂണ്ടിക്കാട്ടി. മള്‍ട്ടിനാഷണല്‍ കമ്പനികളിലേക്ക് കാമ്പസ് പ്ലെയ്‌സ്‌മെന്റിലൂടെ മികച്ച തൊഴിലുമായി പ്രവേശനം ലഭിക്കുമെന്നിരിക്കെയാണ് ഇവര്‍ ഒരു സാമൂഹ്യനേട്ടത്തിനുവേണ്ടി തങ്ങളുടെ കഴിവ് വിനിയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിനു പ്രേരകമാകാന്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിനു സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അതിനു സഹായകമാകും വിധത്തില്‍ നയങ്ങള്‍ രൂപീകരിച്ചും സഹായങ്ങള്‍ ഉറപ്പാക്കിയും സര്‍ക്കാര്‍ അന്തരീക്ഷമൊരുക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും സഞ്ജയ് പറഞ്ഞു.
റാഖിബിനെപ്പോലുള്ളവര്‍ക്കും അവരുടെ സംഘങ്ങള്‍ക്കും ഇത്തരം കൂട്ടായ്മകളുമായി രംഗത്തിറങ്ങാന്‍ സഹായകമായത് കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന എമര്‍ജിംഗ് കേരളയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാര്‍ഥി സംരംഭകത്വ നയമാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 12 സംരംഭകത്വ ദിനമായി ആഘോഷിക്കുമ്പോള്‍, പ്രൊഫൗണ്ടിസും ദ പീപ്പിള്‍സ് കമ്പനിയും പോലുള്ള കൂടുതല്‍ കൂട്ടായ്മകള്‍ കേരളത്തിലെ സ്‌കൂളുകളില്‍ നിന്നും കോളജ് കാമ്പസുകളില്‍ നിന്നും രൂപംകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സിഇഒ സിജോ കുരുവിള ജോര്‍ജ് പറഞ്ഞു.