എബ്രഹാം ജോര്‍ജ് കേരള ട്രാവല്‍ മാര്‍ട്ടിന്റെ പുതിയ പ്രസിഡന്റ്

single-img
10 September 2013

2013-15 വര്‍ഷത്തെ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) പ്രസിഡന്റായി ഇന്റര്‍സൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ എബ്രഹാം ജോര്‍ജ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ 13-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ദൈ്വവാര്‍ഷിക പരിപാടിയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 2014ലേക്കുള്ള ഭാരവാഹികളേയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്.
ശ്രീ ഗോപാലകൃഷ്ണന്‍ എം.ആര്‍ (വൈസ് പ്രസിഡന്റ്), ശ്രീ അനീഷ് കുമാര്‍ പി.കെ (സെക്രട്ടറി), ശ്രീ റോയ് ചാക്കോ (ജോയിന്റ് സെക്രട്ടറി), ശ്രീ ജോസ് പ്രദീപ് (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ശ്രീ ബേബി മാത്യു, ശ്രീ ദിലീപ് പൊട്ടന്‍കുളം, ശ്രീ ഹരികുമാര്‍ സി, ശ്രീ ജനീഷ് ജെ, ശ്രീ ജോസ് മാത്യു, ശ്രീ മാത്യു സി. തോമസ്, ശ്രീ മാത്യൂസ് ഇ.വി, ശ്രീ രവീന്ദ്രന്‍ കെ, ശ്രീ റിയാസ് അഹമ്മദ്, ശ്രീ റിയാസ് യു.സി, ശ്രീ റോസ് മസൂദ്, ശ്രീ സജീവ് കുറുപ്പ് വി, ശ്രീ സ്‌കറിയ ജോസ് എന്നിവരേയും തെരഞ്ഞെടുത്തു. ശ്രീ മാത്യു ഫിലിപ്പ് കെടിഎം സിഇഒ ആയി തുടരും.
കിഴക്കന്‍ ഏഷ്യ, തെക്കന്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുതിയ വിപണികളും കൂടുതല്‍ ഗുണകരമായ ബയേഴ്‌സിനേയും 2014ലെ കെടിഎം കണ്ടെത്തുമെന്ന് ശ്രീ എബ്രഹാം ജോര്‍ജ് പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുന്നതില്‍ നിന്ന് ലാഭം നേടാന്‍ കെടിഎം ലക്ഷ്യമിടുന്നതായും ഈ അവസരമുപയോഗിച്ച് ആഗോളവിപണിയില്‍ ഇടിച്ചുകയറാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അംഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുംവിധത്തില്‍ ട്രാവല്‍ മാര്‍ട്ടിനെ പുനക്രമീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലും രാജ്യാന്തര വിമാനത്താവളങ്ങളില്‍ 11 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സൗകര്യം വിദേശങ്ങളില്‍ നിന്ന് കൂടുതല്‍ ബയേഴ്‌സിനെ കണ്ടെത്താനുള്ള കെടിഎമ്മിന്റെ പ്രചരണപരിപാടികളെ ശക്തിപ്പെടുത്തും. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സഹകരിച്ച്, കൂടുതല്‍ രാജ്യങ്ങളെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ കെടിഎം നടത്തും. വ്യത്യസ്തങ്ങളായ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒപ്പം കേരളത്തെ വലിയൊരു ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി അവതരിപ്പിക്കാന്‍ നൂതന പദ്ധതികള്‍ക്കു രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2012ല്‍ കൊച്ചിയില്‍ നടന്ന കെടിഎം 50ഓളം വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 1160 ബയേഴ്‌സിനെ ആകര്‍ഷിച്ചിരുന്നു. 2000ല്‍ ആരംഭിച്ച കെടിഎം വിനോദസഞ്ചാര മേഖലയിലെ വ്യാപാരികളും നയരൂപകര്‍ത്താക്കളും ഉള്‍പ്പെടെയുള്ള പങ്കാളികളെയെല്ലാം ഒരുമിപ്പിച്ചുകൊണ്ടുള്ള സംരംഭമെന്ന നിലയില്‍ ഉപഭൂഖണ്ഡത്തിലെതന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ വ്യാപാരമേളയായി മാറിക്കഴിഞ്ഞു.