അന്താരാഷ്ട്ര നിലവാരത്തില്‍ സൗജന്യ വിദ്യാഭ്യാസവുമായി ഇന്റര്‍നെറ്റ് സ്‌കൂള്‍

single-img
10 September 2013

schoolഅന്താരാഷ്ട്ര നിലവാരത്തില്‍ സൗജന്യമായി വിദ്യാഭ്യാസം നല്‍കാന്‍ പുതിയ സ്‌കൂള്‍ തുറന്നു. ഇന്റര്‍നെറ്റില്‍ ഐസ്‌കൂള്‍ഇഡിഎക്‌സ് ഡോട്ട് കോം (ischooledx.com) എന്ന പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ ആരംഭിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുന്ന ലോക സ്‌കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ലോകത്തിലെവിടെയുള്ള വിദ്യാര്‍ഥികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന ഈ ലോക സ്‌കൂള്‍ റോട്ടറി ഇന്റര്‍നാഷണലാണ് അവതരിപ്പിക്കുന്നത്. കേരള സിലബസിലടക്കം ഏത് സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയ്ക്കും ലോക നിലവാരത്തില്‍ വിദ്യ അഭ്യസിക്കുന്നതിന് ഐസ്‌കൂള്‍ഇഡിഎക്‌സ് ഡോട്ട് കോമില്‍ പ്രവേശനം നേടാം.  സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ഈ ഇന്റര്‍നെറ്റ് സ്‌കൂളില്‍നിന്നു ലഭിക്കും. പ്രത്യേകിച്ച് വിദേശങ്ങളില്‍ താമസിക്കുന്ന ലോക മലയാളികളുടെ മക്കള്‍ക്കും മലയാളമടക്കമുള്ള വിഷയങ്ങള്‍ ഈ സ്‌കൂളിലൂടെ പഠിച്ചെടുക്കാം. രക്ഷിതാക്കള്‍ക്കും ഇംഗ്ലീഷിലുള്ള നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസിലായില്ലെങ്കില്‍ ഈ വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ ട്യൂഷനില്ലാതെ പഠനം എളുപ്പമാകും.

ജോസ് പോള്‍ ആത്തപ്പിള്ളിയാണ് ഇന്റര്‍നെറ്റ് സ്‌കൂളിന്റെ സിഇഒ. സാധാരണ സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കുന്നതുപോലെ തന്നെയാണ് ഇവിടെയും അഡ്മിഷന്‍ പ്രക്രിയകളും. അഡ്മിഷന്‍ ഫോം പൂരിപ്പിച്ച് നല്‍കി അഡ്മിഷന്‍ നമ്പര്‍ ലഭിച്ചാല്‍ ഈ സ്‌കൂളില്‍ പഠിക്കാം. വിഷയങ്ങള്‍ സെലക്ട് ചെയ്ത് പഠനം തുടങ്ങാം. സാധാരണ ലോക നിലവാരമുള്ള സ്‌കൂളുകളിലേതുപോലെ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ലോകം പകരുന്ന ഡിജിറ്റല്‍ ലൈബ്രറി, പാഠഭാഗത്തില്‍ പ്രതിപാദിക്കുന്ന സാങ്കേതിക വിവരങ്ങള്‍, വ്യവസായാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന രീതികള്‍പോലും വിവരിക്കുന്ന ലാബ്, വിവിധ കലാരൂപങ്ങള്‍ വിദഗ്ധരില്‍നിന്നു പഠിക്കാന്‍ ആര്‍ട്ട് റൂം തുടങ്ങിയവയൊക്കെ ഈ സ്‌കൂളിലുണ്ട്.