സാക്ഷരത; കേരളത്തെ തോല്‍പിച്ച് ത്രിപുര

single-img
9 September 2013

tripura-mapവര്‍ഷങ്ങളായി കൈവശം വച്ചിരുന്ന സാക്ഷരതയില്‍ ഒന്നാം സ്ഥാനമെന്ന കേരളത്തിന്റെ അവകാശവാദവും പഴങ്കഥയായി. വടക്കു-കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയാണ് സാക്ഷരതയില്‍ കേരളത്തെ തോല്‍പിച്ചത്. 94.65 ശതമാനമാണ് ത്രിപുരയിലെ സാക്ഷരത. കേരളത്തില്‍ നിലവില്‍ 93.91 ശതമാനമാണ് സാക്ഷരരായവരുടെ നിരക്ക്. കഴിഞ്ഞ മാസം 10 മുതല്‍ 25 വരെ സംസ്ഥാനത്ത് നടത്തിയ കണക്കെടുപ്പിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ത്രിപുര ഇക്കാര്യം വ്യക്തമാക്കിയത്. കോല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് കണക്കെടുപ്പ് നടത്തിയത്. സാക്ഷരതയില്‍ 2001 ലെ സെന്‍സസില്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്ന ത്രിപുര 2011 ലെ സെന്‍സസില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയതെന്ന് മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ പറഞ്ഞു. 2011 ല്‍ ത്രിപുര 87.75 ശതമാനം സാക്ഷരത കൈവരിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.