മംനൂണ്‍ ഹൂസൈന്‍ പാക് പ്രസിഡന്റായി സ്ഥാനമേറ്റു

single-img
9 September 2013

Mamnoonപാക്കിസ്ഥാന്റെ 12-ാമത്തെ പ്രസിഡന്റായി ഇന്ത്യയിലെ ആഗ്രയില്‍ ജനിച്ച മംനൂണ്‍ ഹൂസൈന്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഇഫ്തികര്‍ ചൗധരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി നവാസ് ഷരീഫ്, മൂന്നു സേനാതലവന്മാര്‍ തുടങ്ങിയവരും പങ്കെടുത്ത ചടങ്ങ് ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്തു. സൈനിക അട്ടിമറി പതിവായ പാക്കിസ്ഥാന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ നിര്‍ദിഷ്ട കാലാവധി പൂര്‍ത്തിയാക്കി അധികാരമൊഴിയുന്ന ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് സര്‍ദാരി. മംനൂണ്‍ ഹൂസൈന്റെ തെരഞ്ഞെടുപ്പ് സര്‍ദാരിയുടെ പിപിപി ബഹിഷ്‌കരിച്ചിരുന്നു. ആഗ്രയില്‍ ജനിച്ച മംനൂണ്‍ ഹൂസൈന്റെ കുടുംബം വിഭജനകാലത്താണ് പാക്കിസ്ഥാനിലേക്കു കുടിയേറിയത്. കറാച്ചിയില്‍ ടെക്‌സ്റ്റൈല്‍ ബിസിനസുകാരനായ ഹൂസൈന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിശ്വസ്തനാണ്. ഷരീഫിനെ മുഷാറഫ് ഭരണകൂടം സൗദിയിലേക്ക് നാടുകടത്തിയപ്പോഴും ഹൂസൈന്‍ ഷരീഫിന്റെ പിഎംഎല്‍-എന്നില്‍ ഉറച്ചുനിന്നു. സിന്ധ് പ്രവിശ്യാ ഗവര്‍ണറായും ഹൂസൈന്‍ പ്രവര്‍ത്തിച്ചു.