പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ പി. ജയരാജനും സംഘവും മോചിപ്പിച്ചു

single-img
6 September 2013

P Jayarajan (1)പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സംഘം പോലീസ് സ്‌റ്റേഷനില്‍ നിന്നു മോചിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് കതിരൂര്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. പാട്യത്തെ ബിജെപി അനുഭാവിയുടെ വീട്ടില്‍ റീത്ത് വയ്ക്കുകയും ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ടു യുവാക്കളെ വ്യാഴാഴ്ച രാത്രി കതിരൂര്‍ എസ്‌ഐ കെ. കൃഷണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കുണ്ടത്തില്‍ വീട്ടില്‍ രമേശ്, ജയദീപ് എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.

ഇവരെ സ്‌റ്റേഷനിലെത്തിച്ചതിനു തൊട്ടുപിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എം. സുരേന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കസ്റ്റഡിയിലുള്ളവര്‍ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടില്‍ മുദ്രാവാക്യം വിളികളുമായെത്തി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു. സംഭവത്തെത്തുടര്‍ന്നു തലശേരി സിഐ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് കസ്റ്റഡിയിലുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പുലര്‍ച്ചെ മൂന്നോടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതോടെയാണ് രംഗം ശാന്തമായത്.