സര്‍ക്കാര്‍ ഓഫീസുകളിലെ സ്വകാര്യ ഇ-മെയിലുകള്‍ കേന്ദ്രം നിരോധിക്കുന്നു

single-img
5 September 2013

facebook-googleഔദ്യോഗിക വിവരങ്ങളും രഹസ്യങ്ങളും ചോരുന്നതു തടയാനായി സര്‍ക്കാര്‍ ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ സ്വകാര്യ ഇ-മെയിലുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നു. ജിമെയില്‍, ഹോട്ട്‌മെയില്‍, യാഹൂ, റെഡിഫ് തുടങ്ങിയ സ്വകാര്യ മെയിലുകളുടെയും ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യ ശൃംഖലകളുടെയും സേവനങ്ങള്‍ സര്‍ക്കാര്‍ കംപ്യൂട്ടറുകളില്‍ രണ്ടു മാസത്തിനകം നിരോധിക്കാനാണ് ആലോചിക്കുന്നത്. ഗൂഗിള്‍, യാഹൂ തുടങ്ങിയ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ സഹായത്തോടെ ഇന്ത്യന്‍ രഹസ്യങ്ങള്‍ അമേരിക്കയും ചൈനയും മറ്റും ചോര്‍ത്തുന്നതു തടയാനാണു സര്‍ക്കാര്‍ കംപ്യൂട്ടറുകളിലെ സ്വകാര്യ ഇന്റര്‍നെറ്റ് ഉപയോഗം നിരോധിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിനു മാര്‍ഗരേഖ കൊണ്ടുവരുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഐടി മന്ത്രാലയം പരിഗണിക്കുന്നുണ്ട്. സ്വകാര്യ ഇ-മെയില്‍ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖ രണ്ടു മാസത്തിനകം പുറത്തിറക്കുമെന്ന് ഐടി വകുപ്പു സെക്രട്ടറി ജെ. സത്യനാരായണ അറിയിച്ചു. രഹസ്യവിവരങ്ങള്‍ ചോരാതിരിക്കാനുള്ള ഇതര മാര്‍ഗങ്ങളും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്.