വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന മലയാളിക്ക് വീണ്ടും പ്രഹരം; സപ്ലൈകോ ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി

single-img
2 September 2013

സപ്ലൈക്കോ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മാവേലി സ്‌റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും ഭൂരിഭാഗം ജീവനക്കാരും ജോലിയ്‌ക്കെത്തിയിട്ടില്ല. അതേസമയം, പണിമുടക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.വേതന വര്‍ധന ആവശ്യപ്പെട്ടാണ് സമരം. സമരം നേരിടാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും തുറന്ന് പ്രവര്‍ത്തിക്കുന്ന സ്റ്റോറുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആഭ്യന്തരവകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തിനു വീണ്ടും പ്രഹരമായി ജീവനക്കാരുടെ സമരം.ഓണക്കാലത്ത് നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നവംബര്‍ 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് എംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.ഓണക്കാലത്തേക്ക് 90 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുള്ളത്. 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ 22 കോടി അനുവദിച്ചതായും അനൂപ് ജേക്കബ്ബ് പറഞ്ഞു